‘ഫ്രീഡം ലുക്‌സ്’ ; ജയില്‍ ചപ്പാത്തിക്കും ചിക്കനും പിന്നാലെ വകുപ്പിന് കീഴില്‍ ബ്യൂട്ടി പാര്‍ലറും
ചപ്പാത്തി-ചിക്കന്‍ യൂണിറ്റുകള്‍ക്ക് പിന്നാലെ ജയില്‍ വകുപ്പിന് കീഴില്‍ ബ്യൂട്ടി പാര്‍ലറും. ഫ്രീഡം ലുക്‌സ് എന്ന പേരിലാണ് തടവുകാരുടെ പാര്‍ലര്‍ ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടനം ഡിജിപി ഋഷിരാജ് സിംഗും ആര്‍ ശ്രീലേഖ ഐപിഎസും ചേര്‍ന്ന് നിര്‍വഹിച്ചു. പൂജപ്പുര കരമന റോഡില്‍ പരീക്ഷ ഭവനോട് ചേര്‍ന്നാണ് ഫ്രീഡം ലുക്‌സ് പാര്‍ലര്‍. ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പാസായിട്ടുള്ള ആറ് അന്തേവാസികളുടെ മേല്‍നോട്ടത്തിലാണ് പാര്‍ലര്‍ പ്രവര്‍ത്തിക്കുക. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ തൊഴിലെടുത്ത് ജീവിക്കുന്നതിന് തടവുകാരെ പ്രാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ പുരുഷന്‍മാര്‍ക്കുള്ള സേവനം മാത്രമാണ് ലഭിക്കുക. വിവിധതരം ഫേഷ്യലുകളും ഫേഷ്യല്‍ മസാജുകളും ഹെയര്‍ ഡ്രസ്സിംഗും കളറിംഗും അടക്കമുള്ളവ ചെയ്യാനാകും. അത്യാധുനിക സംവിധാനങ്ങളോടെ ശീതീകരിച്ച പാര്‍ലറാണ് ഒരുക്കിയിരിക്കുന്നത്. മുടിമുറിക്കല്‍, നഖം വെട്ടല്‍. ഷേവിങ് എന്നിവ സ്വന്തമായി ചെയ്യാനാകാത്ത വൃദ്ധര്‍ക്ക് ഈ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. വൈകാതെ ലേഡീസ് ബ്യൂട്ടി പാര്‍ലറും തുറക്കും. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക സൗകര്യങ്ങളുണ്ട്. രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് 8 വരെയാണ് സമയക്രമം.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം