ഇഷ ഫൗണ്ടേഷനെക്കുറിച്ച് ചോദ്യം; ബിബിസിയുടെ അഭിമുഖത്തിനിടെ ക്ഷുഭിതനായി ക്യാമറ ഓഫ് ചെയ്യിപ്പിച്ച് ജഗ്ഗി വാസുദേവ്

ഇഷ ഫൗണ്ടേഷനെക്കുറിച്ച് ചോദ്യം; ബിബിസിയുടെ അഭിമുഖത്തിനിടെ ക്ഷുഭിതനായി ക്യാമറ ഓഫ് ചെയ്യിപ്പിച്ച് ജഗ്ഗി വാസുദേവ്
Published on

ബി.ബി.സി ന്യൂസ് തമിഴുമായി നടത്തിയ അഭിമുഖത്തില്‍ ക്ഷുഭിതനായി ക്യാമറ ഓഫ് ചെയ്യിപ്പിച്ച് ആള്‍ ദൈവമെന്ന് സ്വയം വിളിക്കുന്ന ജഗ്ഗി വാസുദേവ് (സദ്ഗുരു). ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിലാണ് ജഗ്ഗി വാസുദേവ് ക്ഷുഭിതനായി ക്യാമറ ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടത്.

ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ചില പദ്ധതികളുടെ പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ടായിരുന്നു ബി.ബി.സി തമിഴ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് പിന്നാലെ ജഗ്ഗി വാസുദേവ് പലതവണ മാധ്യമപ്രവര്‍ത്തകനെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍കാണാം. തുടര്‍ന്നും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നപ്പോഴാണ് ക്ഷുഭിതനായി ''ഇതുമതി, അവരുടെ ക്യാമറ ഓഫ് ചെയ്യൂ'' എന്ന് ജഗ്ഗി വാസുദേവ് അദ്ദേഹത്തിന്റെ ആളുകളോട് പറയുന്നത്.

'നിങ്ങള്‍ പരിസ്ഥിതിയെക്കുറിച്ച് ആശങ്കാകുലനായ ഒരാളാണെന്ന് പറയുമ്പോഴും, നിങ്ങളുടെ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഈ അനുമതിയൊന്നും കൃത്യമായി വാങ്ങാതിരുന്നത് എന്തുകൊണ്ടാണ്?'എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

'ഒരു നിയമലംഘനവും ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വകുപ്പുകള്‍ പറയുന്നത്' എന്നാണ് ജഗ്ഗി വാസുദേവ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കിയത്. 'ഈ നാട്ടില്‍ നിയമങ്ങളില്ലേ? ഇവിടെ ഒരു സര്‍ക്കാര്‍ ഇല്ലേ? അവരുടെ ജോലി അവര്‍ ചെയ്യട്ടെ, ആ ജോലി നിങ്ങള്‍ എന്തിനാണ് ചെയ്യുന്നത്' എന്നും ജഗ്ഗി വാസുദേവ് മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.

എന്നാല്‍ വീണ്ടും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകനെ ചോദിക്കാന്‍ അനുവദിക്കാതിരുന്ന ജഗ്ഗി വാസുദേവ് 'നിങ്ങള്‍ വീണ്ടും വിഡ്ഢിത്തമാണ് ചെയ്യുന്നത്, അവരുടെ ക്യാമറ ഓഫ് ചെയ്യൂ... ശ്രദ്ധിക്കൂ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഞങ്ങള്‍ അത് ശരിയാക്കിക്കോളാം...' എന്ന് പറഞ്ഞ് ക്യാമറ ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

'ജഗ്ഗി വാസുദേവിന്റെ കൂടെയുള്ളവര്‍ ബലം പ്രയോഗിച്ച് ക്യാമറ ഓഫ് ചെയ്യുകയായിരുന്നു', എന്ന് ബി.ബി.സി വീഡിയോയുടെ അവസാനം എഴുതി കാണിച്ചു.

'ജഗ്ഗി വാസുദേവിന്റെ സേവ് സോയില്‍ മൂവ്‌മെന്റും മറ്റ് വിവാദ വിഷയങ്ങളും' എന്ന പേരിലാണ് ബി.ബി.സി തമിഴ് ഇന്റര്‍വ്യൂ പോസ്റ്റ് ചെയ്തത്.

ജഗ്ഗി വാസുദേവ് ഷൂട്ട് ചെയ്യുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in