എന്റെ രാജ്യത്തിനായി കടമ ചെയ്യാനാകാതെ വേദനിച്ചു;ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ വിശദീകരണവുമായി ജേക്കബ് തോമസ്

എന്റെ രാജ്യത്തിനായി കടമ ചെയ്യാനാകാതെ വേദനിച്ചു;ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ വിശദീകരണവുമായി ജേക്കബ് തോമസ്
Published on

ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ വിശദീകരണവുമായി മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. കടമ ചെയ്യാനാകാതെ വിഷമിച്ചു. വിദ്യാഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞു. രാജ്യത്തിനായി എന്തു ചെയ്യണമെന്ന് ചിന്തിച്ചപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള പ്ലാറ്റ്‌ഫോമായി ബി.ജെ.പിയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ജേക്കബ് തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

രാജ്യത്തെയും ജനങ്ങളെയും സേവിക്കാമെന്ന് ആഗ്രഹിച്ചാണ് സിവില്‍ സര്‍വീസിന് പോയത്. നേതാക്കള്‍ക്കൊപ്പം നിന്ന് ജനങ്ങളെ നീതിപൂര്‍വ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടനയെ അനുസരിച്ച് ജോലി ചെയ്യാനുമായിരുന്നു ആഗ്രഹിച്ചത്. സ്വാര്‍ത്ഥരും രാഷ്ട്രബോധവുമില്ലാത്ത ചിലരുടെ താല്‍പര്യത്തിന് എതിര് നിന്നപ്പോള്‍ തന്നെ ദ്രോഹിച്ചു. മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു. രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കൂട്ടിനില്‍ക്കാത്തതിന് ഒറ്റപ്പെട്ടു പോയെന്നും ജേക്കബ് തോമസ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ എന്തു കൊണ്ട് BJP ആയി ??

സിവില്‍ സര്‍വീസിന് പോകുമ്പോള്‍ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എന്റെ നാട്ടില്‍ എന്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂര്‍വ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാല്‍ സ്വാര്‍ത്ഥരായ രാഷ്ട്രബോധമില്ലാത്ത - ചിലരുടെ താല്‍പര്യത്തിന്/ ഇഷ്ടത്തിന് ഞാന്‍ എതിരുനിന്നപ്പോള്‍ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു - അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു. വേദനിച്ചു - എന്റെ ജനങ്ങള്‍ക്കായി 'എന്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോള്‍ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോള്‍ ,എന്റെ കടമ ചെയ്യാനാവാതെ ഞാന്‍ വേദനിച്ചപ്പോള്‍ , എന്റെ വിദ്യാഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോള്‍, അപ്പോള്‍ മാത്രമാണ്, പ്രവര്‍ത്തിക്കാനുള്ള പ്ലാറ്റ്‌ഫോം ആയി BJP ആയത് .

Related Stories

No stories found.
logo
The Cue
www.thecue.in