‘മോശം സംസാരം കേട്ടപ്പോഴാണ് പ്രതികരിച്ചത്’; നേരിടുന്നത് കടുത്ത അധിക്ഷേപമെന്ന് കയ്യേറ്റത്തിന് ഇരയായ ആതിര
പൗരത്വ വിഷയത്തില്‍ മോശമായ സംസാരം കേട്ടപ്പോഴാണ് പ്രതികരിച്ചതെന്ന് എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ ഒരു സംഘം വനിതകളുടെ കയ്യേറ്റത്തിനും അധിക്ഷേപത്തിനും ഇരയായ ആതിര മാധ്യമങ്ങളോട്. അമ്പലത്തിന്റെ അടുത്താണ് താമസിക്കുന്ന ഹോസ്റ്റല്‍. പണ്ടുതൊട്ടേ അവിടെയാണ്. മോശമായ സംസാരം കേട്ടാണ് അവിടേക്ക് പോയത്. പ്ലാന്‍ ചെയ്ത് പോയതല്ല. ചേച്ചീ എന്താണ് സംസാരിക്കുന്നത് എന്നാണ് ചോദിച്ചത്. എന്നാല്‍ അവിടെ നിന്നുള്ള ആളുകളാണ് മൊബൈലില്‍ വീഡിയോയെടുത്ത് പ്രചരിപ്പിച്ചത്. എന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കി അതിലടക്കം വീഡിയോ അപ്‌ലോഡ് ചെയ്തു.
സംഭവശേഷം വൈകീട്ട് പൊലീസെത്തി വിവരങ്ങള്‍ ചോദിച്ചു. പിന്നാലെയാണ് പരാതി നല്‍കിയത്. അതിനുശേഷം പുറത്തിറങ്ങാനായിട്ടില്ല. സമൂഹ മാധ്യമങ്ങളില്‍ വളരെ മോശം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വളരെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. അതേസമയം മറുഭാഗത്തുനിന്ന് പിന്‍തുണയും ലഭിക്കുന്നുണ്ടെന്നും ആതിര പറഞ്ഞു. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ കാണാനെത്തിയതിന് പിന്നാലെയായിരുന്നു യുവതിയുടെ പ്രതികരണം. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും വിഷയത്തില്‍ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും എംസി ജോസഫൈന്‍ അറിയിച്ചു. പൊലീസ് ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. കേസില്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകും. മേലില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം വിഎച്ച്പിയുടെ മാതൃസമിതിയുടെ നേതൃത്വത്തില്‍ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൗരത്വ അനുകൂല പരിപാടിയിലേക്കാണ് ആതിരയെത്തി പ്രതിഷേധിച്ചത്. മതവിദ്വേഷമുണ്ടാക്കുന്നുവെന്നാരോപിച്ചായിരുന്നു ഇടപെടല്‍. എന്നാല്‍ യുവതിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് പുറമെ ഇതരമത വിദ്വേഷമുണ്ടാക്കുന്ന രീതിയിലും മാതൃസമിതി അംഗങ്ങള്‍ സംസാരിച്ചു. പെണ്‍മക്കളെ കാക്ക കൊത്താതിരിക്കാനാണ് താന്‍ നെറ്റിയില്‍ സിന്ദൂരമണിയുന്നതെന്നും ഹിന്ദുവിന്റെ ഭൂമിയാണിതെന്നും ഒരു സ്ത്രീ പറയുന്നത് വീഡിയോയിലുണ്ട്. ആതിരയ്ക്ക് നേരെ കയ്യേറ്റവുമുണ്ടായി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു.