ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനൊരുങ്ങി യുഎഇ. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളാണ് നിര്‍ണായക ചുവടുവെയ്പിന് കാരണമായത്. 'പിന്നില്‍ നിന്നുള്ള വഞ്ചനാപരമായ കുത്ത്' എന്നാണ് നീക്കത്തെ പാലസ്തീന്‍ വിശേഷിപ്പിച്ചത്. യുഎഇയിലെ അംബാസഡറെ പാലസ്തീന്‍ മടക്കിവിളിക്കുകയും ചെയ്തിട്ടുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പാലസ്തീനിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നാണ് ബന്ധം സാധാരണ നിലയിലാക്കുന്നതിന് യുഎഇ മുന്നോട്ടുവെച്ചിരിക്കുന്ന മുഖ്യ ഉപാധി. ഈജിപ്റ്റിനും ജോര്‍ദാനും ശേഷം ഇസ്രായേലുമായി സജീവമായ ബന്ധം പ്രഖ്യാപിക്കുന്ന ഗള്‍ഫ് രാജ്യമാണ് യുഎഇ.
യുഎഇയും ഇസ്രായേലുമായും നടത്തിയ നീണ്ട ചര്‍ച്ചകളുടെ ഫലമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പ്രതികരിച്ചു. 'വലിയമുന്നേറ്റം' എന്ന വിശേഷണത്തോടെ ട്രംപും ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു. യുഎഇയുടെ പാത കൂടുതല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ട്രംപിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതാണ് പശ്ചിമേഷ്യയിലെ ഇടപെടല്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയേദുമായും വ്യാഴാഴ്ച ഫോണിലൂടെ ഡൊണാള്‍ഡ് ട്രംപ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനമുണ്ടായതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ചരിത്രപരമായ ഈ നയതന്ത്ര മുന്നേറ്റം പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരുമെന്നാണ് സംയുക്ത പ്രസ്താവനയില്‍ ഇരുരാജ്യങ്ങളും അറിയിച്ചത്.