ഐഎസ് ഭീകരര്‍ സജീവമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ആദ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഐഎസ് ഭീകരര്‍ സജീവമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ആദ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
Published on

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരുടെ സജീവ സാന്നിധ്യമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമാണ് ഒന്നാമതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റില്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവ് വിനയ് സഹസ്രബുദ്ധെയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിഷന്‍ റെഡ്ഡി നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യമുള്ളത്. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേര്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് കേന്ദ്രം പറയുന്നു. ദക്ഷിണേന്ത്യയിലാണ് രാജ്യത്ത് ഐഎസ് സാന്നിധ്യം ഏറെയുള്ളതെന്നാണ് കേന്ദ്രമന്ത്രി വിശദീകരിക്കുന്നത്. എന്‍ഐഎ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് വ്യക്തമായതെന്നും കേന്ദ്രം പറയുന്നു.

എന്‍ഐഎ ഇതുവരെ 17 കേസുകളെടുത്തിട്ടുണ്ട്. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, സംസ്ഥാനങ്ങളിലായി 122 പേര്‍ അറസ്റ്റിലായെന്നും പറയുന്നു. കൂടുതല്‍ പേര്‍ അറസ്റ്റിലായത് തമിഴ്‌നാട്ടിലാണെന്ന് എന്‍ഐഎ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. കേരളം കഴിഞ്ഞാല്‍ കര്‍ണാടക ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍,ബിഹാര്‍, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളിലാണ് ഐഎസ് സാന്നിധ്യമെന്നാണ് ആഭ്യന്തര മന്ത്രാലയം വിവരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഐഎസ് പ്രചാരണം അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയാണെന്നും ഭീകരര്‍ക്ക് വിദേശ സാമ്പത്തിക സഹായം ലഭിക്കുന്നുവെന്നും മറുപടിയിലുണ്ട്. കേരളത്തില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ പങ്കാളികളായെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in