വയനാട്ടിൽ വില്ലനായത് മഴയോ? എന്താണ് ഉരുൾപൊട്ടൽ..

വയനാട്ടിൽ വില്ലനായത് മഴയോ? എന്താണ് ഉരുൾപൊട്ടൽ..
Published on

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വായനാട്ടിലുണ്ടായത്. ചൂരൽ മലയെയും മുണ്ടക്കൈയെയും പൂർണ്ണമായി തുടച്ച് നീക്കിയ ഉരുൾദുരന്തത്തിലെ നഷ്ടങ്ങൾ ഇപ്പോൾ കണ്ടതോ കണക്കാക്കിയതോ മാത്രമല്ല. കര - നാവിക സേനകളുടെ നേതൃത്വത്തിൽ വ്യാപകമായ രീതിയിൽ ഇപ്പോളും തെരച്ചിൽ തുടരുന്നു. ഇപ്പോഴും നിരവധി പേർ കാണാമറയത്താണ്. ചാലിയാർ പുഴയിൽ നിന്ന് ഇന്നും മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ലഭിച്ച മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി സംസ്കാരത്തിനായി കൈമാറി.

മഴയാണോ വില്ലൻ..?

വയനാട് ജില്ലയിലെ 9 പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ നടന്ന മണിക്കൂറുകളിൽ 300 മില്ലിമീറ്ററിലേറെ മഴ പെയ്തതായി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ബാണാസുര കണ്‍ട്രോള്‍ ഷാഫ്റ്റ്, നിരവില്‍പ്പുഴ, പുത്തുമല, പെരിയ അയനിക്കല്‍, തേറ്റമല എന്നിവിടങ്ങളിലെ മഴമാപിനികളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 300 മില്ലിമീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തിയത്. മുണ്ടക്കൈ മേഖലയിൽ കനത്ത മഴയുണ്ടാകുമെന്ന് തലേ ദിവസം തന്നെ നിർദേശം വന്നിരുന്നു. ഇതിന്റെ അടിസ്ഥാത്തിൽ നിരവധി പേരെ സ്ഥലത്ത് നിന്ന് മാറ്റിപാർപ്പിച്ചത് അപകടത്തിന്റെ വ്യാപ്തി കുറക്കാൻ കാരണമായെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മഴയും ഉരുൾപൊട്ടലും തമ്മിൽ എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു, ഒപ്പം മറ്റ് എന്തെല്ലാം ഇടപെടലുകളാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നത്.

എന്താണ് ഉരുൾപൊട്ടൽ ?

കനത്ത മഴ പെയ്യുമ്പോൾ സംഭരണശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗർഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ചു മണ്ണിനടിയിൽ മർദം വർധിക്കുന്നു ഒപ്പം സാധാരണ സ്ഥിരത നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണും പാറയും ചരലും ഉരുളന്‍കല്ലുകളും മറ്റ് ഭൂവസ്തുക്കളും വന്‍തോതില്‍ വളരെ പെട്ടെന്ന് താഴ്ന്ന സ്ഥലങ്ങളിലേക്ക് പതിക്കുന്ന പ്രതിഭാസമാണ് ഉരുള്‍പൊട്ടല്‍.

എന്തുകൊണ്ടാണ് ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത്?

സ്വാഭാവിക മരങ്ങള്‍ മുറിച്ചുമാറ്റുക, തേയില-കാപ്പി അടക്കമുള്ള നാണ്യവിള തോട്ടങ്ങള്‍ ഉണ്ടാക്കുക, മണ്ണൊലിപ്പിന് കാരണമാകുന്ന കൃഷികള്‍ ചെയ്യുക, ഫാമുകള്‍ നിര്‍മിക്കുക, കെട്ടിടം പണിയുക, തുടങ്ങിയവയെല്ലാം ഉരുള്‍പൊട്ടലിന് കാരണമാകുന്ന ഘടകങ്ങളാണ്. ഇങ്ങനെ നോക്കിയാൽ 70 ശതമാനം ഉരുള്‍പൊട്ടലുകള്‍ക്കും കാരണമാകുന്നത് മനുഷ്യ ഇടപെടലുകളാണ്

ചെരിവുള്ള സ്ഥലങ്ങളിൽ സാധ്യത

ഏകദേശം 22 ഡിഗ്രിക്കു മുകളിൽ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുൾപൊട്ടൽ സാധ്യത കുടുതലാണ്. മണ്ണിടക്കുന്നതും പാറകൾ പൊട്ടിച്ചെടുക്കുന്നതും ഉരുൾപൊട്ടലിനു കാരണമാകും. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്‌ഥലങ്ങളുടെ ഭൂപടം ജിയോളജി വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് 24 മണിക്കൂറിൽ കൂടുതൽ നിർത്താതെ തുടർച്ചയായി മഴ പെയ്യുകയാണെങ്കിൽ ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി കാണണം.

Related Stories

No stories found.
logo
The Cue
www.thecue.in