അഫ്ഗാനിസ്താന്‍ ജയിലില്‍ കഴിയുന്ന ഐ.എസ്. ഭീകരരുടെ വിധവകളായ ഇന്ത്യന്‍ വനിതകളെ മടക്കിക്കൊണ്ട് വരില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വൈകാരികമായി പ്രതികരിച്ച് മലയാളിയായ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. ഇന്ത്യന്‍ സര്‍ക്കാര്‍ നിമിഷ ഫാത്തിമയെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരികയും നിയമനടപടികളിലേക്ക് കടക്കുകയും ചെയ്യണമെന്ന് ബിന്ദു.
ജയിലില്‍ കഴിയുന്നവരെ തിരികെ അയക്കാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ അതിന് മറുപടി നൽകാത്തത് തന്നെ ഞെട്ടിച്ചിരിക്കുകയാണെന്നു ബിന്ദു പറഞ്ഞു . മാതൃഭൂമി ന്യൂസ് ചാനലലാണ് പ്രതികരണം. നിമിഷ ഫാത്തിമ ഉള്‍പ്പെടെയുള്ള നാലുപേരുടെ കാര്യത്തിലാണ് കേന്ദ്രം ഇത്തരത്തിലൊരു തീരുമാനം എടുത്തതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ബിന്ദുവിന്റെ പ്രതികരണം
ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ ഒരാളുടെ മനുഷ്യാവകാശമല്ലേ അത്. ഞാന്‍ ഈ ഇന്ത്യക്കുള്ളിലാണ് ജീവിക്കുന്നത്. ഞാന്‍ ഇന്ത്യക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകള്‍ പോലും ഇന്ത്യ വിട്ട് പോകുന്നതിന് മുന്‍പ് അന്നിരുന്ന കേരള സര്‍ക്കാരിനെയും അന്നത്തെ പോലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ?. എന്നിട്ട് അവര്‍ എന്തുകൊണ്ട് അത് തടഞ്ഞില്ല? എന്നിട്ട് എല്ലാം കഴിഞ്ഞിട്ട് കൈയിലെത്തിയിട്ട് എന്റെ മോളെ എന്തിനാണ് ഇങ്ങനെ കൊല്ലന്‍ വിടുന്നത്?
സെപ്റ്റംബര്‍ 11- മുതല്‍ അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍നിന്ന് പിന്‍വലിക്കുകയാണ്. അപ്പോള്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്? അവര്‍ ഇപ്പോഴും അപകടകാരികളാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ചൊന്നും എനിക്ക് അറിയില്ല. ഐ.എസിലേക്ക് പോകാന്‍ പ്രേരിപ്പിച്ചവര്‍ ഇന്ത്യയില്‍ ഇപ്പോഴും താമസിക്കുന്നില്ലേ?.തന്റെ മകളും പേരക്കുട്ടിയും അടക്കമുള്ളവര്‍ സെപ്റ്റംബര്‍ 11- കഴിഞ്ഞാല്‍ ബോംബ് ഭീഷണിയുടെ നടുവിലാണ്. മകള്‍ ജയിലില്‍ ആണെന്ന് അറിഞ്ഞിട്ട് ഒന്നര വര്‍ഷമായി. ഡല്‍ഹിയിലെ പല വഴികളിലൂടെ ശ്രമിച്ചു. ആരും പ്രതികരിച്ചില്ല. അമിത് ഷായ്ക്കും വിദേശകാര്യമന്ത്രാലയത്തിനുമെല്ലാം മെയില്‍ അയച്ചിരുന്നു. പക്ഷെ ആരും മറുപടി തന്നില്ല. ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
2016-2018 വര്‍ഷത്തിലാണ് കേരളത്തില്‍ നിന്നുള്ള നാലു വനിതകള്‍ അഫ്ഗാനിലേക്ക് പോകുന്നത്. ഭര്‍ത്താക്കന്മാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 2019ല്‍ ഇവര്‍ നാലുപേരും അഫ്ഗാന്‍ പൊലീസിന് കീഴടങ്ങിയത്. ഇവരെ കാബൂളിലെ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. നാല് ഇന്ത്യക്കാര്‍ക്കു പുറമേ 16 ചൈനക്കാര്‍, 299 പാകിസ്താനികള്‍, 2 ബംഗ്ലാദേശുകാര്‍ എന്നിവരെയും അഫ്ഗാനില്‍ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ട്. മാലിദ്വീപില്‍ നിന്നുള്ള രണ്ടുപേരെയും തടവില്‍ പാര്‍പ്പിച്ചിട്ടുണ്ട്. തടവിലാക്കിയവരെ തിരികെ അയക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ 13 രാജ്യങ്ങളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള നാല് യുവതികള്‍ക്കും തിരികെ മടങ്ങാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.