ബാംഗ്ലൂരിൽ നടക്കുന്ന 2022ലെ ഐപിഎൽ താരലേലം നിയന്ത്രിക്കവെ വേദിയില്‍ കുഴഞ്ഞുവീണ അവതാരകന്‍ ഹഗ് എഡ്മീഡ്സിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ അറിയിച്ചു. ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരംഗയ്ക്കുവേണ്ടിയുള്ള ലേലം പുരോഗമിക്കവെ എഡ്മീഡ്സ് അപ്രതീക്ഷിതമായി കുഴഞ്ഞ് വീഴുകയായിരുന്നു.
രക്തസമ്മർദ്ദം കുറഞ്ഞതാണ് കുഴഞ്ഞു വീഴാനുണ്ടായ കാരണമെന്ന് പ്രാഥമിക വൈദ്യപരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
"അദ്ദേഹത്തെ ഡോക്ടര്‍ പരിശോധിച്ച് വരികയാണ്. സുഖമായിരിക്കുന്നു. രക്തസമ്മർദ്ദം കുറഞ്ഞതാണ് പെട്ടെന്നുള്ള വീഴ്ചയ്ക്ക് കാരണം. വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ” ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
അപ്രതീക്ഷിതമായി നടന്ന സംഭവത്തെത്തുടർന്ന് ഐപിഎൽ ലേലം ഉച്ചഭക്ഷണത്തിനായി പിരിയുകയായിരുന്നു. ജെയിംസ് ബോണ്ട് സിനിമയിൽ ഉപയോഗിച്ച ആസ്റ്റൺ മാർട്ടിൻ ഉള്‍പ്പടെയുള്ള കാറുകൾ ലോകമെമ്പാടും ലേലം നടത്തി പ്രശസ്തനായ വ്യക്തിയാണ് എഡ്മീഡ്സ്. ലേലത്തിന്‍റെ ആദ്യ ദിനമായ ഇന്ന് എഡ്മീഡ്സിന്‍റെ സാന്നിധ്യമുണ്ടാകില്ല. പകരം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മുൻ സി.ഇ.ഒ ചാരു ശർമ്മയാണ് ലേലം നിയന്ത്രിച്ചത്.
161 താരങ്ങൾക്കു വേണ്ടി നടക്കുന്ന ആദ്യ ദിന ലേലത്തിൽ ഇന്ത്യൻ താരങ്ങളായ ഇഷാൻ കിഷനെയും ശ്രേയസ് അയ്യറിനെയും വലിയ തുകയ്ക്കാണ് ടീമുകൾ സ്വന്തമാക്കിയത്. 15.25 കോടി നൽകി ഇഷാൻ കിഷനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ശ്രേയസ് അയ്യറിനായി 12.25 കോടി നൽകി. ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറിനെ ഡൽഹി ക്യാപിറ്റൽസ് 6.25 കോടിക്ക് തട്ടകത്തിലെത്തിച്ചു. ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷെമിയെ 6.25 കോടിക്ക് ഐപിഎൽ നവാഗതരായ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. രാജസ്ഥാൻ റോയൽസ് ട്രെൻഡ് ബോൾട്ടിനെ എട്ടു കോടിക്കും രവിചന്ദ്രൻ അശ്വിനെ അഞ്ചു കോടിക്കുമാണ് കരസ്ഥമാക്കിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുൻ നായകന്‍ ദിനേശ് കാർത്തിക്കിനെ 5.50 കോടി നൽകി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേടി.
പുത്തൻ താരോദയങ്ങളെ കോടികളെറിഞ്ഞു സ്വന്തമാക്കാൻ ടീമുകൾ മത്സരിച്ചപ്പോൾ ടൂർണമെന്റ് ചരിത്രത്തിലെ എക്കാലെത്തെയും മികച്ച കളിക്കാരിൽ ഒരാളായ സുരേഷ് റെയ്നയ്ക്ക് അൺസോൾഡ് ആകാനായിരുന്നു വിധി. കൂടാതെ ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാകിബ് അൽ ഹസ്സൻ, ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് എന്നിവരെയും ലേലത്തിൽ സ്വന്തമാക്കൻ ഒരു ടീമും മുന്നോട്ട് വന്നില്ല.