ആപ്പിളിന്റെ ഐഫോണ്‍ 16 സീരീസിൽ ഒത്തിരി പുതിയ ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കുപെടിനോയിലെ കമ്പനിയുടെ ആസ്ഥാനത്ത് നടന്ന 'ഗ്ലോ ടൈം' ഇവന്റിൽ വെച്ചാണ് പുതിയ ഫോണുകള്‍ പരിചയപ്പെടുത്തിയത്.
ഐഫോണ്‍ 16, ഐഫോണ്‍ പ്ലസ്, ഐ ഫോണ്‍ പ്രോ, ഐഫോണ്‍ പ്രോ മാക്‌സ് എന്നിവയാണ് പുതുതായി ലോഞ്ച് ചെയ്തത്. എഐ ഫീച്ചറുകള്‍, ക്യാമറ കണ്‍ട്രോള്‍, ആക്ഷന്‍ ബട്ടന്‍ അങ്ങനെ സവിഷേതകള്‍ ഏറെ.
വില 799 ഡോളറില്‍ ആരംഭിക്കുന്നു. ഐ ഫോണ്‍ 16, ഐ ഫോണ്‍ 16 പ്ലസ് വിലയില്‍ മാറ്റമില്ല. ഐഫോണ്‍ 16-799 ഡോളര്‍. ഐഫോണ്‍ 16 പ്ലസ്-899 ഡോളര്‍. ഇവയെല്ലാം പുതിയ എ 18 ചിപ്പ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ആപ്പിള്‍ ഇന്റലിജന്‍സ് ) പിന്തുണയോടെയാണ് പുതിയ ഫോണുകളുടെ വരവ്. മുന്‍കാല എഡിഷനുകളെ പോലെ തന്നെ ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പുണ്ട്. ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ ഉണ്ടായിരുന്ന ആക്ഷന്‍ ബട്ടന്‍ ഐ ഫോണ്‍ 16 ലും ഐഫോണ്‍ 16 പ്ലസിലും ഉണ്ട്. കൂടാതെ വലതുവശത്ത് പുതിയ ക്യാമറ കണ്‍ട്രോള്‍ ബട്ടനും ലഭ്യമാണ്. സൂം ചെയ്യാനും, ചിത്രങ്ങള്‍ എടുക്കാനും വീഡിയോ റെക്കോഡ് ചെയ്യാനും ഒരു ടാപ്പോ, സ്ലൈഡോ മതിയാവും.
ഐഫോണ്‍ 16 സവിശേഷതകള്‍ ഇങ്ങനെ
ഐ ഫോണ്‍ 16 ഐഒഎസ് 18 ല്‍ പ്രവര്‍ത്തിക്കുന്ന ഡ്യൂവല്‍ സിം ( അമേരിക്കയില്‍ ഇ- സിം, ലോകമെമ്പാടും നാനോ+ ഇ- സിം) ഹാന്‍ഡ്‌സെറ്റാണ്. ഐ ഫോണ്‍ 16 പ്രോ മോഡലിനെ പോലെ ഈ ഫോണുകളിലും ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചേഴ്‌സ് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഐ ഫോണ്‍ 15 സീരീസ് പോലെ പുതിയ ഹാന്‍ഡ് സെറ്റുകളിലും 48 മെഗാ പിക്‌സല്‍ വൈഡ് ആംഗിള്‍ ക്യാമറയുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളിങ്ങിനും 12 മെഗാപിക്‌സല്‍ ട്രൂഡെപ്ത് ക്യാമറയുമുണ്ട്. ഒരുവശത്തുള്ള മൂന്നു ബട്ടണുകളിലെ ടോപ് ബട്ടനാണ് ആക്ഷന്‍ ബട്ടന്‍. ഈ ബട്ടന്‍ ഷോട്ട് കട്ടുകള്‍ക്കോ ഫ്ലാഷ് ലൈറ്റ് ഓണാക്കാനോ മറ്റു ഫങ്ഷനുകള്‍ക്കോ ഉപയോഗിക്കാം, പുതിയ ക്യാമറ കണ്‍ട്രോള്‍ ബട്ടന് സവിശേഷതകളുണ്ട്. ക്യാമറ ലക്ഷ്യം വയ്ക്കുന്ന വസ്തുവിനെ കുറിച്ചുള്ള വിവരം തേടാന്‍ ഈ കണ്‍ട്രോള്‍ ബട്ടണ്‍ സഹായിക്കും.
ആപ്പിൾ വാച്ചിന്റെ പുതിയ മോഡലുകളും വിപണിയിലേക്ക്
ഐ ഫോണ്‍ സീരീസിന് ഒപ്പം ആപ്പിള്‍ വാച്ച് സീരീസ് 10, എയര്‍ പോഡ് എന്നിവയും പുറത്തിറക്കി. പുതിയ സ്മാര്‍ട്ട് വാച്ചുകള്‍ പഴയതിനെ അപേക്ഷിച്ച് സ്ലിമ്മര്‍ ഡിസൈനും, വലിയ ഡിസ്‌പ്ലേയും ഉള്ളവയാണ്. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുള്ള പുതിയ ചിപ്‌സെറ്റും ഇതിന്റെ പ്രധാന സവിശേഷതയാണ്. ആപ്പിള്‍ വാച്ച് സീരീസ് 10 വില 399 ഡോളറില്‍ ( ഏകദശം 33,000 രൂപ) ആരംഭിക്കുന്നു. ജിപിഎസ്, എല്‍ടിഇ എന്നീ രണ്ടു വേരിയന്റുകളില്‍ ലഭ്യമാണ്. എല്‍ടിഇക്ക് 499 ഡോളറാണ് വില. ആപ്പിള്‍ വാച്ച് സീരീസ് 10 ന് പുറമേ ആപ്പിള്‍ വാച്ച് അള്‍ട്ര 799ഡോളര്‍ (ഏകദേശം 67,000 രൂപ) വിലയ്ക്ക് ലഭ്യമാണ്.
ഐഫോൺ 15 സിരീസിനെക്കാൾ ഐഫോൺ 16ന് വില കുറവോ ?
ഐ ഫോണ്‍ 15 പ്രോയേക്കാള്‍ കുറഞ്ഞ വിലയിലാണ് 16 പ്രോ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണ്‍ 16 പ്രോ 1,19,900 രൂപയിലാണ് ആരംഭിക്കുന്നത്, ഇത് ഐഫോണ്‍ 15 പ്രോയുടെ പ്രാരംഭ വിലയായ 1,34,900 രൂപയേക്കാള്‍ 15,000 രൂപ കുറവാണ്.
ഐഫോണ്‍ 16ന്റെ 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 79,900, കൂടാതെ 256 ജിബി, 512 ജിബി സ്റ്റോറേജ് വേരിയന്റുകളിലും ഹാന്‍ഡ്സെറ്റ് ലഭ്യമാണ്, യഥാക്രമം 89,900, 1,09,900 വിലകളില്‍ ഈ മോഡലുകള്‍ ലഭ്യമാണ്.
ഐഫോണ്‍ 16 പ്ലസ് 128 ജിബി മോഡലിന് 89,900 രൂപയും 256 ജിബി വേരിയന്റിന് 89,900 രൂപയുമാണ് വില. 99,900. 512 ജിബി സ്റ്റോറേജുള്ള ഹാന്‍ഡ്സെറ്റ് 1,19,900 രൂപയ്ക്ക് വാങ്ങാനാകും.
ഐഫോണ്‍ 16 പ്രോ 128ജിബി മോഡലിന് 1,19,900 രൂപയാണ് വില. 256 ജിബി, 512ജിബി, 1ടിബി മോഡലുകള്‍ യഥാക്രമം 1,29,990, 1,49,900, 1,69,900 എന്നിങ്ങനെയാണ് വില.
ഐഫോണ്‍ 16 പ്രോ മാക്സ് 256 ജിബി മോഡലിന് 1,44,900 രൂപയും, 512 ജിബിക്ക് 1,64,900 രൂപയുമാണ്.
1ടിബി സ്റ്റോറേജുള്ള ഐഫോണ്‍ 16 പ്രോ മാക്സ് മോഡലിന്റെ വില 1,84,900 ആണ്.
ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 16 മോഡലുകൾ ലോകവിപണിയിലേക്ക്
ആഗോള വില്‍പന തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 16 മോഡലുകളും ലോകവിപണിയില്‍ എത്തും. നാല് വര്‍ഷം മുമ്പാണ് ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചത്. 2021ല്‍ ഐഫോണ്‍ 13 ലോഞ്ച് കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ നിര്‍മിത ഫോണ്‍ വിപണിയിലെത്തിയത്. ആദ്യമായി ഐഫോണിന്റെ പ്രോ, പ്രോ മാക്സ് മോഡലുകള്‍ (ഐഫോണ്‍ 16 പ്രോ മോഡലുകള്‍) ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മിക്കുകയാണിപ്പോള്‍. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫോക്സ്‌കോണ്‍ ഫാക്ടറിയിലാണ് പ്രധാനമായും ഇവയുടെ നിര്‍മാണം. ഇതിന് പുറമെ പെഗട്രോണ്‍, ടാറ്റ എന്നിവയും ഐഫോണ്‍ അസെംബിളിംഗില്‍ ആപ്പിളിന്റെ സഹായികളാണ്. സെപ്റ്റംബര്‍ മൂന്നാം വാരത്തോടെ ഫോണ്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും.
ഐഫോണ്‍ 16 സീരീസുകളുടെ വില്‍പ്പന ആരംഭിക്കുന്നത് സെപ്തംബര്‍ 11-നാണ്. വൈകുന്നേരം 5.30 മുതല്‍ വില്‍പ്പന ആരംഭിക്കും. ഇന്ത്യക്കാര്‍ക്ക് ആപ്പിള്‍ ഇന്ത്യ വെബ്‌സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്യാനാകും. ആപ്പിള്‍ സ്റ്റോറുകളിലും യൂണികോണ്‍ പോലുള്ള സൈറ്റുകളിലുമാണ് പ്രീ-ഓര്‍ഡര്‍ ഓപ്‌ഷൻ ലഭ്യമാക്കിയിട്ടുള്ളത്.