കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇയാളുടെ സഹായി സുരേഷിനെയും അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്. സൂരജിന്റെ ബന്ധുവായ ഇയാള്‍ പാമ്പ് പിടുത്തക്കാരനാണ്. ഇവരുള്‍പ്പെടെ 4 പേര്‍ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ്. സൂരജിന് പാമ്പ് പിടുത്തക്കാരുമായി ബന്ധമുണ്ടെന്ന് പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. കിടപ്പുമുറിയില്‍ ഭര്‍ത്താവിനൊപ്പം ഉറങ്ങിക്കിടക്കവെയാണ് ഉത്രയ്ക്ക് പാമ്പുകടിയേറ്റത്. എസിയുള്ള മുറിയുടെ ജനലും വാതിലും അടച്ച നിലയിലായിരുന്നിട്ടും ഉഗ്ര വിഷമുള്ള പാമ്പ് എങ്ങനെ അകത്തുകടന്നുവെന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചത്.
നേരത്തേ സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍ വെച്ചും യുവതിക്ക് പാമ്പ് കടിയേറ്റിരുന്നു. മാര്‍ച്ചിലായിരുന്നു ഇത്. ഇതിന്റെ ചികിത്സയ്ക്ക് ശേഷമാണ് ഉത്ര തന്റെ വീട്ടിലെത്തിയെത്. ഉത്രയുടെ ആഭരണങ്ങള്‍ വെച്ച ലോക്കര്‍ മാര്‍ച്ച് 2 ന് തുറന്നതായി ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്. ദുരൂഹത ആരോപിക്കപ്പെട്ടതോടെ സൂരജിന്റെ മൊബൈല്‍ ഫോണ്‍ കോളുകള്‍ പൊലീസ് പരിശോധിച്ചിരുന്നു, ഇതോടെ ഇയാള്‍ക്ക് പാമ്പ് പിടുത്തക്കാരുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. ജന്തുശാസ്ത്ര വിദഗ്ധരുടെയടക്കം സഹായം തേടിയാണ് കേസില്‍ അന്വേഷണം. തറ നിരപ്പില്‍ നിന്ന് പാമ്പിന് എത്ര ഉയരാന്‍ കഴിയുമെന്നും കടിയേറ്റാല്‍ ഉണരേണ്ടതല്ലേയെന്നുമെല്ലാം അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല. സൂരജ് തെറ്റുകാരനെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നായിരുന്നു ഇയാളുടെ കുടുംബത്തിന്റെ പ്രതികരണം. സൂരജും ഉത്രയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നുമാണ് വിശദീകരണം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം