അഭിമന്യു
അഭിമന്യു

മഹാരാജാസില്‍ അഭിമന്യു സ്തൂപം അനാച്ഛാദനം നാളെ; കെഎസ്‌യു ഹര്‍ജി ഹൈക്കോടതി തള്ളി

Published on

അഭിമന്യുവിന്റെ സ്തൂപം ഒന്നാം ഓര്‍മ്മദിനമായ നാളെ എറണാകുളം മഹാരാജാസ് കോളേജില്‍ അനാച്ഛാദനം ചെയ്യും. പ്രതിമ അനാച്ഛാദനം തടയണമെന്നാവശ്യപ്പെട്ട് കെ എസ് യു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കോളേജിന്റെ പരമാധികാരി പ്രിന്‍സിപ്പാല്‍ ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങളുണ്ടോ എന്ന കാര്യം പിന്നീട് വേണമെങ്കില്‍ പരിശോധിക്കാം. ബുധനാഴ്ച്ച വീണ്ടും കേസ് പരിഗണിക്കും. ചൊവ്വാഴ്ച്ച ചടങ്ങ് നടക്കുമ്പോള്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതെ നോക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

സര്‍ക്കാര്‍ കോളേജിലെ ഭൂമി കയേറി ഒരു വിദ്യാര്‍ത്ഥി സംഘടന നിര്‍മ്മാണങ്ങള്‍ നടത്തുന്നു എന്നാരോപിച്ചാണ് കെ എസ് യു ഹൈക്കോടതിയെ സമീപിച്ചത്.

ക്യാംപസിനുള്ളില്‍ അധികാരികളുടെ അനുമതിയില്ലാതെയാണ് എസ്എഫ്‌ഐ ഇത്തരം നിര്‍മ്മാണം നടത്തുന്നതെന്ന് കെ എസ് യു മുന്‍പ് ആരോണം ഉന്നയിച്ചിരുന്നു. സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമല്ല സ്തൂപനിര്‍മ്മാണം എന്നായിരുന്നു എസ്എഫ്‌ഐ വിശദീകരണം. അഭിമന്യുവിനെ വികാരമായി കാണുന്ന മഹാരാജാസ് വിദ്യാര്‍ത്ഥികളാണ് സ്തൂപം നിര്‍മ്മിക്കുന്നതെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.

സ്തൂപ നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ കളക്ടറുടെ വസതിയിലേക്ക് ഇന്ന് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി.  

2018 ജൂലൈ 2 ന് പുലര്‍ച്ചെയാണ് മഹാരാജാസില്‍ വെച്ച് ക്യാംപസ്ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരുടെ കുത്തേറ്റ് അഭിമന്യു മരിച്ചത്. കേസിന്റെ വിചാരണ ജൂലൈ 2 ലേക്ക് മാറ്റിയിരുന്നു. കേസില്‍ ആകെ 27 പ്രതികളാണുള്ളത്. എന്നാല്‍ 20 പേരാണ് പിടിയിലായത്. 7 പേര്‍ക്ക് വേണ്ടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ നിലവിലുണ്ട്. 5 പേര്‍ക്ക് കോടതി ജാമ്യം നല്‍കി. കേസില്‍ ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ 16 പ്രതികളില്‍ ഒന്‍പത് പേരുടെ വിചാരണയാണ് വൈകാതെ ആരംഭിക്കുന്നത്. 9 പേര്‍ നേരിട്ടും ബാക്കിയുള്ളവര്‍ അല്ലാതെയും കുറ്റകൃത്യത്തില്‍ പങ്കാളികളായവരാണ്.

logo
The Cue
www.thecue.in