'പാക്കിസ്താന്‍ ഭീകരവാദത്തിന്റെ വിളനിലം, ജനാധിപത്യരാജ്യങ്ങളെ അപമാനിക്കുന്നു'; യുഎന്നില്‍ മറുപടി നല്‍കി ഇന്ത്യ

'പാക്കിസ്താന്‍ ഭീകരവാദത്തിന്റെ വിളനിലം, ജനാധിപത്യരാജ്യങ്ങളെ അപമാനിക്കുന്നു'; യുഎന്നില്‍ മറുപടി നല്‍കി ഇന്ത്യ
Published on

ജമ്മുകാശ്മീര്‍ വിഷയം ഉന്നയിച്ച് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ ശ്രമിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടി നല്‍കി ഇന്ത്യ. പാക്കിസ്താന്‍ ഭീകരവാദത്തിന്റെ വിളനിലമാണെന്നും, ഭീകരവാദത്തെ മഹത്വവല്‍ക്കരിച്ച രാജ്യമാണെന്നും ഇന്ത്യയുടെ യുഎന്‍ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബൈ പറഞ്ഞു. ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുകയാണ് പാക്കിസ്താന്റെ ലക്ഷ്യമെന്നും മറുപടി നല്‍കി.

'ഐക്യരാഷ്ട്രസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ പാക് പ്രധാനമന്ത്രി ശ്രമിച്ചു. ഭീകരവാദം ലോകത്ത് പടരുന്നതിന് കാരണം പാകിസ്താനാണ്. ഭീകരവാദികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള ഇടമെന്ന പരിതാപകരമായ പാക് സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചില്ല. യുഎന്‍ രക്ഷാ കൗണ്‍സില്‍ പട്ടികയിലെ ഭീകരരില്‍ ഏറെപ്പേരുടെയും താവളം പാക്കിസ്താനാണ്. ഉസാമ ബിന്‍ ലാദന് പോലും അഭയം നല്‍കി, ഇന്നും രക്തസാക്ഷിയെന്ന് പറഞ്ഞ് ആദരിക്കുകയാണ്.' പാകിസ്താന്റെ ഭീകരവാദ അനുകൂല നിലപാടുകള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടാവണമെന്നും സ്‌നേഹ ദുബെ ആവശ്യപ്പെട്ടു.

പാക്കിസ്താന് ജമ്മു കാശ്മീരില്‍ ഒരു കാര്യവുമില്ല, ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ദുബെ വ്യക്തമാക്കി. പാക്കിസ്താന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങളും ഇന്ത്യയുടേതാണ്. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ വിട്ട് അടിയന്തിരമായി പാക്കിസ്താന്‍ തിരിച്ചുപോകണമെന്നും സ്‌നേഹ ദുബെ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in