'രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നു എന്നതിനപ്പുറം, ബിജപി പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നൊരു അവസ്ഥയാണ് ഇനിയുണ്ടാകാന്‍ പോകുന്നത്'
ഇന്ത്യയില്‍ ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി ഫെയ്‌സ്ബുക്ക് തങ്ങളുടെ നയങ്ങളില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മുസ്ലീങ്ങള്‍ക്കെതിരായ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് നടപടിയെടുത്തില്ലെന്ന് ആരോപിക്കുന്ന റിപ്പോര്‍ട്ട്, ഇതിന് വേണ്ടി നടന്ന ഇടപെടലും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ ഫെയ്‌സ്ബുക്കിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെ രംഗത്തെത്തി.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പ്രധാന സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ്. ഭരണകക്ഷിയായ ബിജെപിക്കെതിരെ നിലപാടെടുക്കുന്നത് ഇന്ത്യയിലെ തങ്ങളുടെ വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് വിദ്വേഷ പ്രചരണങ്ങള്‍ക്ക് നേരെ പോലും അവര്‍ കണ്ണടക്കുന്നതെന്ന് സ്‌ക്രോള്‍ ലേഖനം നിരീക്ഷിക്കുന്നു. 'ബിജെപിക്ക് വേണ്ടി ഫെയ്‌സ്ബുക്ക് നിലപാടില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന ആരോപണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത് എന്തുകൊണ്ട്?' എന്ന തലക്കെട്ടിലാണ് സ്‌ക്രോള്‍ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളെ രാഷ്ട്രീയ ആയുധമാക്കി വലിയ നേട്ടമാണ് ബിജെപി തെരഞ്ഞെടുപ്പുകളില്‍ നേടുന്നതെന്ന് ലേഖനം പറയുന്നു. 2018 സെപ്റ്റംബറില്‍ ബിജെപിയുടെ സോഷ്യല്‍ മീഡിയ ടീമിനെ അഭിസംബോധന ചെയ്യവെ അമിത് ഷാ പറഞ്ഞത് ഇങ്ങനെയായിരുന്നു, 'നല്ലതോ, ചീത്തയോ, സത്യമോ, വ്യാജമോ എന്തുമാകട്ടെ നമ്മള്‍ ആഗ്രഹിക്കുന്ന സന്ദേശങ്ങല്‍ പൊതുജനങ്ങളിലെത്തിക്കാന്‍ നാം പ്രാപ്തരാണ്.' ബിജെപിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ 32 ലക്ഷം ആളുകള്‍ ഉള്ളതുകൊണ്ടാണ് തങ്ങള്‍ക്ക് വ്യാജപ്രചരണം സാധ്യമാകുന്നതെന്നായിരുന്നു മറ്റൊരു സന്ദര്‍ഭത്തില്‍ അമിത് ഷാ പറഞ്ഞത്.
ഡല്‍ഹി കലാപത്തിന് വരെ കാരണമായ ബിജെപി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗം ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചിരുന്നു. പരാതിയുണ്ടായതോടെ വീഡിയോ ഡിലീറ്റ് ചെയ്യുക മാത്രമാണ് ഫെയ്‌സ്ബുക്ക് ചെയ്തത്. ഇതുപങ്കുവെച്ച നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനോ വിലക്കേര്‍പ്പെടുത്താനോ അവര്‍ തയ്യാറായിരുന്നില്ല. വെരിഫൈഡ് പേജുകളായി ഇവ ഇപ്പോഴുമുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
ബിജെപിക്ക് വേണ്ടിയുള്ള ഫെയ്‌സ്ബുക്കിന്റെ വിട്ടുവീഴ്ച ഇതാദ്യമായല്ല ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത് 2017ല്‍ ബ്ലൂംബെര്‍ഗ് ഇത് സംബന്ധിച്ച ഒരു വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇന്ത്യയില്‍ ഫെയ്‌സ്ബുക്ക് പ്രവര്‍ത്തകര്‍ യഥാര്‍ത്ഥ പ്രചാരണ പ്രവര്‍ത്തകരായി മാറിയിരിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട് പരിഹസിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓണ്‍ലൈന്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഫെയ്‌സ്ബുക്ക് സഹായിച്ചുവെന്നും റിപ്പോര്‍ട്ട് വിമര്‍ശിച്ചിരുന്നു.
മുസ്ലീങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളും, പ്രതിപക്ഷം ഉള്‍പ്പടെയുള്ള എതിരാളികളെ തകര്‍ക്കാന്‍ എങ്ങനെയാണ് ബിജെപി അനുഭാവികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു വര്‍ഷം മുമ്പ് ഗാര്‍ഡിയനും സമാന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് അന്‍ഖി ദാസും മോദി സര്‍ക്കാരുമായുള്ള ബന്ധം വിശദീകരിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. മോദിയുടെ കൊച്ചുമകള്‍ എന്ന വിശേഷണമാണ് ജീവനക്കാര്‍ അന്‍ഖി ദാസിന് നല്‍കിയിരുന്നതെന്ന് ജീവനക്കാരനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം ബിജെപിക്ക് എതിരായ വാര്‍ത്തകള്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യേകം സെന്‍സര്‍ ചെയ്യപ്പെടുന്നുണ്ടെന്നും ആരോപണമുണ്ട്. ബിജെപിക്ക് അനുകൂലമായ മെസേജുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്, ഇവയില്‍ നല്ലൊരു ശതമാനം വ്യാജമാണെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നു എന്നതിനപ്പുറം, ബിജപി പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നൊരു അവസ്ഥയാണ് ഇനിയുണ്ടാകാന്‍ പോകുന്നതെന്നാണ് സ്‌ക്രോളിന്റെ നിരീക്ഷണം. ഉദാഹരണമായി 2018ല്‍ എല്ലാ ബിജെപി എംപിമാരും അവരവരുടെ പേജുകളില്‍ കുറഞ്ഞത് 3 ലക്ഷം ലൈക്കുകളെങ്കിലും നേടണമെന്ന് മോദി ആവശ്യപ്പെട്ടതും ചൂണ്ടിക്കാട്ടുന്നു. വാട്‌സ്ആപ്പിനെ ബിജെപിയുടെ തെരഞ്ഞെടുപ്പിന്റെ നട്ടെല്ല് എന്നാണ് ലേഖനം വിശേഷിപ്പിച്ചിരിക്കുന്നത്.