'ഫെമിനിസവും സമത്വവും പ്രഖ്യാപിക്കുന്ന രേഖ' : ഇന്ത്യന്‍ ഭരണഘടന സാമൂഹ്യ പരിവര്‍ത്തനരേഖയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

'ഫെമിനിസവും സമത്വവും പ്രഖ്യാപിക്കുന്ന രേഖ' : ഇന്ത്യന്‍ ഭരണഘടന സാമൂഹ്യ പരിവര്‍ത്തനരേഖയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
Published on

സ്ത്രീകളടക്കമുള്ള എല്ലാ വിഭാഗം ജനങ്ങള്‍ക്കും സമത്വത്തിലധിഷ്ടിതമായ അവകാശങ്ങള്‍ നല്‍കുന്ന ഒരു സാമൂഹിക പരിവര്‍ത്തന രേഖയായാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കൊളോണിയല്‍, പോസ്റ്റ്-കൊളോണിയല്‍ പൈതൃകത്തില്‍ നിന്നും പൂര്‍ണമായും ഇന്ത്യന്‍ ഭരണഘടന വഴിമാറി സഞ്ചരിക്കുന്നു. തുടക്കം മുതല്‍ തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്ല്യ വോട്ടവകാശം അത് ഉറപ്പ് നല്‍കി. 'പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലെ സ്ത്രീകള്‍ക്കും കറുത്തവര്‍ക്കും തൊഴിലാളിവര്‍ഗങ്ങള്‍ക്കും അടുത്തിടെ മാത്രം അത്തരമൊരു അവകാശം ലഭിച്ചിട്ടൊള്ളു എന്ന് മനസ്സിലാക്കുമ്പോഴാണ് തുടക്കം മുതലേ നമുക്കുണ്ടായിരുന്ന സാര്‍വത്രിക വോട്ടവകാശം യഥാര്‍ത്ഥത്തില്‍ ഒരു വിപ്ലവകരമായ പ്രവൃത്തിയായിരുന്നെന്ന് ബോദ്ധ്യമാവുക' ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തിന് രാഷ്ട്രീയ സമത്വം മാത്രം മതിയാകില്ലെന്നും സാമൂഹിക സാമ്പത്തിക മേഖലകളില്‍ നിലനിന്നിരുന്ന അസമത്വം കൂടി ഇല്ലാതാക്കണമെന്നുമുള്ള ബോദ്ധ്യം ഭരണഘടന ശില്‍പികള്‍ക്ക് ഉണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'സാര്‍വത്രിക വോട്ടവകാശം: ഇന്ത്യയുടെ രാഷ്ട്രീയ പരിവര്‍ത്തനത്തെ സാമൂഹിക പരിവര്‍ത്തനത്തിലേക്ക് നയിക്കുന്നു' എന്ന വിഷയത്തില്‍ എട്ടാമത് എല്‍എം സിംഗ്വി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

'ചില വിഭാഗങ്ങള്‍ക്ക് അധികാരം നിഷേധിച്ചുകൊണ്ട് സമൂഹം നിയന്ത്രിക്കപ്പെട്ടിരുന്നുവെന്ന് ചരിത്രം നമ്മോട് പറയുന്നു, അതിനാല്‍, നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തല്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാര്‍വത്രിക വോട്ടവകാശത്തിന്റെ ആവിര്‍ഭാവം. യു.എസ്. അവരുടെ ഭരണഘടന അംഗീകരിക്കുമ്പോഴും അധികാരം സമൂഹത്തിലെ ഉന്നതരുടെ കൈകളില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സാര്‍വത്രികമെന്ന് നാം കരുതുന്ന അവകാശങ്ങള്‍ എല്ലായ്‌പ്പോഴും സാര്‍വത്രികമായിരുന്നില്ല. ലോകമെമ്പാടും അധികാരത്തില്‍ ഇടമില്ലാത്തവര്‍ അടിച്ചമര്‍ത്തലിന് വിധേയരായിക്കൊണ്ടിരുന്നു. എല്ലാ അവകാശങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെട്ടു. 1920-കള്‍ക്കും സ്വാതന്ത്ര്യത്തിനും ഇടയില്‍ ബാബാസാഹെബ് അംബേദ്കര്‍, ജ്യോതിറാവു ഫൂലെ, സാവിത്രിഭായ് ഫൂലെ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന സാമൂഹിക മാറ്റത്തിനായുള്ള പോരാട്ടം അടിച്ചമര്‍ത്തപ്പെട്ട ജാതികളെയും ജനവിഭാഗങ്ങളെയും ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും അധികാരത്തിന്റെ പുനര്‍വിതരണത്തിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് തുല്യ വോട്ടവകാശം ലഭിക്കുന്നതിനും സഹായകരമായി. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് തുല്യ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഓരോ ഇഞ്ചും സമരം ചെയ്യേണ്ടിവന്നു എന്നത് വാസ്തവം തന്നയാണ്. അതിനാല്‍ തുല്ല്യ വോട്ടവകാശമെന്ന ആശയം ഒരു രാഷ്ട്രീയ ആശയം മാത്രമല്ല, അതിന്റെ കാതല്‍ ഒരു സാമൂഹികമായ കാഴ്ചപ്പാടാണ്,' ജസ്റ്റിസ് ചന്ദ്രചൂഡ് യോഗത്തില്‍ പറഞ്ഞു.

തുല്ല്യ വോട്ടവകാശത്തിന്റെ ആവിര്‍ഭാവം അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും മുന്‍നിരയിലേക്ക് വരാന്‍ എങ്ങനെ പ്രാപ്തമാക്കി എന്നറിയാന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അവരുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം നോക്കിയാല്‍ മാത്രം മതിയാകും. ദളിത്-ബഹുജന്‍ ഗ്രൂപ്പുകള്‍ പോലുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ വോട്ട് ചെയ്യാനുള്ള അവരുടെ അവകാശത്തെ പവിത്രമായാണ് കാണുന്നത്. അവര്‍ക്ക് തുല്യ അവകാശങ്ങള്‍ നല്‍കിയതും ആ അവകാശങ്ങള്‍ വിനിയോഗിക്കാനും അവകാശപ്പെടാനുമുള്ള അധികാരം ഉറപ്പാക്കിയത് ഈ രാജ്യത്തെ മഹത്തായ ഭരണഘടനയാണെന്ന് അവര്‍ക്ക് അറിയാം. തുല്ല്യ വോട്ടവകാശം രാജ്യത്തുടനീളം സൃഷ്ടിച്ചത് ഒരു നിശബ്ദ വിപ്ലവമാണ്. പ്രത്യേകിച്ചും താഴേത്തട്ടില്‍. സ്ത്രീകള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും തെരഞ്ഞെടുപ്പുകളിലെ സീറ്റ് സംവരണം അവര്‍ക്ക് അധികാരം ഉറപ്പാക്കി. ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ടവരും കീഴടക്കപ്പെട്ടവരും അവകാശങ്ങളും അധികാരങ്ങളും നിഷേധിക്കപ്പെട്ടവരും അവരുടെ സ്വന്തം വിധി രൂപപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ ജനാധിപത്യത്തില്‍ നിര്‍ണ്ണയ ശക്തികളായി മാറിയിരിക്കുന്നു. ഇതാണ് സാര്‍വത്രിക വോട്ടവകാശത്തിന്റെ ശക്തി. സാര്‍വത്രിക പ്രായപൂര്‍ത്തിയായ ഫ്രാഞ്ചൈസിയിലൂടെയുള്ള രാഷ്ട്രീയ പരിവര്‍ത്തനം ഇന്ത്യന്‍ സമൂഹത്തില്‍ സാമൂഹിക പരിവര്‍ത്തനത്തിലേക്ക് നയിച്ചത് ഇങ്ങനെയാണ്.' ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in