ന്യൂദല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിനുശേഷം കീഴടങ്ങി അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നാലു ഇന്ത്യന്‍ യുവതികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ നിന്നുള്ള സോണയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരാണ് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ഐഎഎസില്‍ ചേര്‍ന്നത്. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരന്മാരുടെ വിധവകളാണിവര്‍.
2016-2018 വര്‍ഷത്തിലാണ് കേരളത്തില്‍ നിന്നുള്ള നാലു വനിതകള്‍ അഫ്ഗാനിലേക്ക് പോകുന്നത്. ഭര്‍ത്താക്കന്മാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 2019ല്‍ ഇവര്‍ നാലുപേരും അഫ്ഗാന്‍ പൊലീസിന് കീഴടങ്ങിയത്. ഇവരെ കാബൂളിലെ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.
നാല് ഇന്ത്യക്കാര്‍ക്കു പുറമേ 16 ചൈനക്കാര്‍, 299 പാകിസ്താനികള്‍, 2 ബംഗ്ലാദേശുകാര്‍ എന്നിവരെയും അഫ്ഗാനില്‍ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ട്. മാലിദ്വീപില്‍ നിന്നുള്ള രണ്ടുപേരെയും തടവില്‍ പാര്‍പ്പിച്ചിട്ടുണ്ട്.
തടവിലാക്കിയവരെ തിരികെ അയക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ 13 രാജ്യങ്ങളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള നാല് യുവതികള്‍ക്കും തിരികെ മടങ്ങാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയേക്കില്ലെന്നാണ് സൂചന.