മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കടം വീട്ടുകയായിരുന്നു മോദി ഇതുവരെ; ഇന്ധനവില ജിഎസ്ടിക്ക് വിട്ടാല്‍ മാജിക്ക് കാണുമെന്ന് അബ്ദുള്ളക്കുട്ടി
കോഴിക്കോട്: രാജ്യത്ത് അനുദിനം കുതിച്ചുയരുന്ന ഇന്ധന വില നിയന്ത്രിക്കാന്‍ നിര്‍ദേശവുമായി ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി.
ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇപ്പോള്‍ വില്‍ക്കുന്നതിലും പകുതി വിലക്ക് പെട്രോള്‍ ഡീസല്‍ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുമെന്ന് എപി അബ്ദുള്ളക്കുട്ടി പറഞ്ഞു. മാതൃഭൂമിയോടായിരുന്നു പ്രതികരണം.
ജിഎസ്ടി പരിധിയില്‍ പെട്രോള്‍ ഡീസല്‍ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് മോദി സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും, മമത ബാനര്‍ജിയുമൊക്കെയാണ് ഈ തീരുമാനത്തെ എതിര്‍ത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ധനവിലവര്‍ദ്ധനവ് പ്രയാസം തന്നെയെന്ന് സമ്മതിച്ച അബ്ദുള്ളകുട്ടി ഈ വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഓയില്‍പൂളില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഉണ്ടാക്കിയ ബാധ്യതകള്‍ തീര്‍ക്കുകയായിരുന്നു മോദി സര്‍ക്കാര്‍ ഇതുവരെയെന്നും അബ്ദുള്ളകുട്ടി പറഞ്ഞു. ഇപ്പോള്‍ എണ്ണകമ്പനികള്‍ക്ക് ബാധ്യതകളൊന്നുമില്ല. മോദി തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.