മഴദൈവങ്ങളെ പ്രസാദിപ്പിക്കാന്‍ വിവാഹം; പ്രളയം വന്നപ്പോള്‍ തവളകള്‍ക്ക് ‘നിര്‍ബന്ധിത വിവാഹമോചനം’
മഴ ദൈവങ്ങളെ പ്രസാദിപ്പിക്കാന്‍ വിവാഹം കഴിപ്പിച്ച തവളകളെ വേര്‍പിരിച്ചു. മധ്യപ്രദേശ് ഭോപ്പാലില്‍ ഓം ശിവ സേവാ ശക്തി മണ്ഡല്‍ പ്രവര്‍ത്തകരാണ് രണ്ട് മാസത്തിന് ശേഷം പ്രതീകാത്മക തവള ദമ്പതികളെ വേര്‍പിരിച്ചത്. കാലവര്‍ഷം ശക്തമായി മധ്യപ്രദേശില്‍ വെള്ളപ്പൊക്കമുണ്ടായതോടെയാണ് വിവാഹം നടത്തിയവര്‍ തന്നെ ഡിവോഴ്‌സും ചെയ്യിപ്പിച്ചത്. ബുധനാഴ്ച്ച വൈകിട്ട് ഇന്ദ്രാപുരിയില്‍ വെച്ചായിരുന്നു വിവാഹമോചന ചടങ്ങുകള്‍. മന്ത്രങ്ങള്‍ ചൊല്ലിയാണ് തവളകളെ വേര്‍പിരിച്ചത്. വിവാഹ മോചനം നടത്തിയതോടെ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് ഓം ശിവ ശക്തി മണ്ഡല്‍ അംഗങ്ങളുടെ പ്രതീക്ഷ.
ഞങ്ങള്‍ മണ്ണ് കൊണ്ട് തവളകളെ ഉണ്ടാക്കി സംസ്ഥാനത്ത് മഴ കൊണ്ടുവരാന്‍ അവരെ വിവാഹം കഴിപ്പിച്ചു. പക്ഷെ മഴ ഇപ്പോള്‍ നില്‍ക്കുന്നില്ല. മഴ അവസാനിപ്പിക്കാന്‍ വേണ്ടി അവരെ വേര്‍പിരിച്ചു.
സുരേഷ് അഗര്‍വാള്‍, ഓം ശക്തി മണ്ഡല്‍
ഹിന്ദു മിത്തോളജിയിലെ മഴ ദൈവമായ ഇന്ദ്രനെ പ്രീതിപ്പെടുത്താന്‍ വേണ്ടി ജൂലൈ 19നാണ് തവള വിവാഹം നടത്തിയത്. തവളകളെ വിവാഹം കഴിപ്പിക്കുന്ന സമയത്ത് വരള്‍ച്ചാഭീഷണിയിലായിരുന്നു മധ്യപ്രദേശ്. പിന്നീട് രൂക്ഷകാലാവസ്ഥയേത്തുടര്‍ന്ന് മഴ ശക്തമായി. ഇതോടെ കഴിഞ്ഞ 13 വര്‍ഷത്തിനിടെ ഏറ്റവും വലിയ കാലവര്‍ഷമാണ് മധ്യപ്രദേശില്‍ ലഭിച്ചത്. പേമാരിയും വെള്ളപ്പൊക്കവും പലയിടങ്ങളിലും കനത്ത നാശം വിതച്ചു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. 213 വീടുകള്‍ പൂര്‍ണ്ണമായും 9,000 വീടുകള്‍ ഭാഗികമായും തകര്‍ന്നു. സംഭരണികള്‍ നിറഞ്ഞതിനേത്തുടര്‍ന്ന് ഭോപ്പാല്‍ കാലിയാസോത്ത് ഡാമും ബദ്ഭാദാ ഡാമും തുറന്നു. മൂന്ന് വര്‍ഷത്തിന് ശേഷം കോളാര്‍ ഡാമിന്റെ ഷട്ടറുകളും തുറന്നു.