രോഹിത് വെമുല മുതല്‍ പായല്‍ തഡ്വി വരെ; ജാതി അധിക്ഷേപം ജീവനെടുത്തിട്ടും ബോധ്യപ്പെടാതെ ഐഎംഎ
എന്റെ മകളാണ് ഞങ്ങളുടെ സമുദായത്തില്‍ നിന്നും ആദ്യമായി പിജി പഠിക്കുന്ന പെണ്‍കുട്ടി, ഞങ്ങളുടെ കുടുംബത്തില്‍ ആദ്യമായി ഡോക്ടറായവള്‍. അവള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. ഇവിടം വരെ എത്തിച്ചേരാന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു, കഠിനാധ്വാനം ചെയ്തിരുന്നു.
മേയ് 22ന് മുതിര്‍ന്ന ഡോക്ടര്‍മാരുടെ ജാതി അധിക്ഷേപത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത 26 വയസുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ട മുസ്ലീം യുവ ഡോക്ടര്‍ പായല്‍ താഡ്വിയുടെ അമ്മയുടെ വാക്കുകളാണിത്. മുംബൈയിലെ ബി വൈ എല്‍ നായര്‍ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റായ പായല്‍ തഡ്വി അന്നേ ദിവസം രണ്ട് ശസ്ത്രക്രിയകള്‍ നടത്തുകയും അമ്മയോട് ഫോണില്‍ സംസാരിക്കുകയുമെല്ലാം ചെയ്തിരുന്നു. പലകുറി ജാതി അധിക്ഷേപത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നിട്ടും ജാതി അധിക്ഷേപമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അംഗീകരിക്കാതെ കണ്ണടയ്ക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഈ മേഖലയില്‍ ഇത്തരത്തിലൊരു ജാതി അധിക്ഷേപമില്ലെന്നാണ് ഐഎംഎ ആവര്‍ത്തിക്കുന്നത്.
സീനിയര്‍ ഡോക്ടര്‍മാരായ ഹേമ അഹൂജ, ഭക്തി മഹ്രേ, അങ്കിത ഖണ്ഡേവാള്‍ എന്നിവര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട തന്നെ അധിക്ഷേപിച്ചിരുന്നുവെന്ന് പായല്‍ പലകുറി പരാതിപ്പെട്ടിരുന്നു. സവര്‍ണ ജാതിക്കാരായ ഇവര്‍ ശുചിമുറിയില്‍ പോയതിന് ശേഷം തന്റെ ബെഡിലാണ് കാല് തുടയ്ക്കാറെന്ന് പായല്‍ പരാതിപ്പെട്ടിരുന്നു. ജാതിപ്പേര് വിളിച്ചും ഗോത്രവിഭാഗമായതിനെ ചൊല്ലി വാട്‌സാപ്പ് ഗ്രൂപ്പിലടക്കം അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. ജാതി അധിക്ഷേപ 'തമാശ'കളുണ്ടാക്കിയിരുന്നു. ഓപ്പറേഷന്‍ തീയറ്ററില്‍ പ്രവേശിക്കാന്‍ പലപ്പോഴും അനുവദിച്ചില്ല. പ്രസവമെടുക്കാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തിയിരുന്നു.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും ഈ അധിക്ഷേപത്തെ കുറിച്ച് അമ്മയോട് പായല്‍ പരാതിപ്പെട്ടിരുന്നു. ഇത്രയൊക്കെയായിട്ടും ഡോക്ടര്‍മാരുടെ സംഘടനയ്ക്ക് 26 വയസുള്ള ഒരു പെണ്‍കുട്ടി ജാതിയുടെ പേരില്‍ അനുഭവിച്ച മനക്ലേശം ബോധ്യപ്പെട്ടിട്ടില്ല.
2015ല്‍ ഹൈദരബാദില്‍ ജീവനൊടുക്കിയ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല മുതല്‍ പായല്‍ തഡ്വി വരെ ജാതി അധിക്ഷേപത്തെ തുടര്‍ന്ന് ആത്മഹത്യയിലേക്ക് നീങ്ങുന്ന സാഹചര്യം ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടായിട്ടും അധികൃതര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
ഇത്രയെല്ലാം നടന്നിട്ടും ഇന്ത്യയിലെ ഡോക്ടര്‍മാരുടെ ഏറ്റവും വലിയ സംവിധാനമായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത് മെഡിക്കല്‍ പ്രൊഫഷണില്‍ അത്തരത്തിലൊരു ജാതി അധിക്ഷേപം ഇല്ലെന്നാണ്. ജാതി വിവേചനമൊന്നും ഇവിടെയില്ലെന്ന് ഐഎംഎയുടെ പ്രസിഡന്റ് ഡോക്ടര്‍ ശന്തനു സെന്‍ ആവര്‍ത്തിച്ച് പറയുകയാണ് ഒപ്പം ഇവിടെ കുറച്ച് സംവരണം മാത്രമേയുള്ളുവെന്ന് കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്.
വീണ്ടും ചോദ്യം ഉയരുമ്പോള്‍ സംവരണത്തെ താന്‍ ജാതീയതയായി കണ്ടിട്ടില്ലെന്നും ഡോക്ടര്‍ വിശദീകരിക്കുന്നുണ്ട്. ശ്രദ്ധ നല്‍കേണ്ട വിധത്തില്‍ ഒരു ജാതി വിവേചനം ഉണ്ടായിട്ടുള്ളതായി തോന്നിയിട്ടില്ലെന്നാണ് ഐഎംഎ തലപ്പത്തുള്ള എല്ലാവരും പറയുന്നത്.
എത്ര പട്ടിക ജാതി- വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഡോക്ടര്‍മാര്‍ ഐഎംഎയുടെ തലപ്പത്തോ സംഘടന സംവിധാനത്തിന്റെ മുന്‍നിരയിലോ എത്തിയിട്ടുണ്ട്?. എത്രപേര്‍ ഉണ്ടെന്നതിന് കണക്കുണ്ടോയെന്ന ചോദ്യത്തിന് ചിരിയാണ് ഐഎംഎ തലപ്പത്തുള്ളവരുടെ മറുപടി. ഞങ്ങള്‍ എന്തിനാണ് അങ്ങനെ കണക്കെടുക്കുന്നതെന്നാണ് ഉത്തരം.
പ്രതിഷേധത്തെ തുടര്‍ന്ന് പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി പായലിനെ അധിക്ഷേപിച്ച മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അവരുടെ അറസ്റ്റ് ആസന്നമായിരിക്കെ പോലും ഒരു പ്രസ്താവന ഐഎംഎയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
പായല്‍ ആദിവാസി തഡ്വി ബില്‍ വിഭാഗത്തില്‍പ്പെട്ട യുവതിയാണ്. പട്ടിക വര്‍ഗത്തില്‍പ്പെട്ട പരിശീലനം ചെയ്യുന്ന ഗൈനക്കോളജിസ്റ്റ്. പക്ഷേ പല സവര്‍ണ ഡോക്ടര്‍മാര്‍ക്കും അവളുടെ മെറിറ്റ് അംഗീകരിക്കാന്‍ ബുദ്ധിമുട്ട്. ഇത് തന്നെയാണ് അവളുടെ ജീവനെടുത്തതും. ജാതി അധിക്ഷേപം തങ്ങളുടെ മേഖലയില്‍ ഇല്ലെന്ന് പറയുന്നവര്‍ കഴിഞ്ഞ കുറേ മാസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായ 'ഡെത്ത് ഓഫ് മെറിറ്റ്' ഹാഷ് ടാഗ് മറന്നുപോകരുത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നത് വഴി കഴിവില്ലാത്ത ഡോക്ടര്‍മാര്‍ കൂടുന്നുവെന്ന് സവര്‍ണ ഡോക്ടര്‍മാര്‍ പരിതപിച്ചത് സോഷ്യല്‍ മീഡിയയിലൂടെയാണെന്നതും മറക്കുന്നതെന്തേ.
കടപ്പാട്ഃ ദ വയര്‍