ഞാന്‍ ജോത്സ്യനല്ല, പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന ചോദ്യത്തിന് പിടികൊടുക്കാതെ മമതയുടെ മറുപടി

ഞാന്‍ ജോത്സ്യനല്ല, പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന ചോദ്യത്തിന് പിടികൊടുക്കാതെ മമതയുടെ മറുപടി
Published on

ന്യൂഡല്‍ഹി: പെ​ഗാസസുമായി ബന്ധപ്പെട്ട സമരത്തിന്റെ മുന്നിൽ തന്നെ തൃണമൂൽ കോൺ​ഗ്രസ് ഉണ്ടാകുമെന്ന് മമത ബാനർജി

പ്രതിപക്ഷത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ ഒരുമിച്ചിരുന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

ആരായിരിക്കും പ്രതിപക്ഷത്തെ നയിക്കുക എന്ന ചോദ്യത്തിന് താന്‍ ജോത്സ്യനല്ലെന്ന പരുക്കന്‍ മറുപടിയാണ് മമത നല്‍കിയത്. ആരെങ്കിലും ഉയര്‍ന്ന് വരുമായിരിക്കും, താനവരെ പിന്തുണക്കുമെന്നും മമത പറഞ്ഞു.

പെഗാസസ് ലിസ്റ്റില്‍ ഇല്ലെങ്കിലും തന്റെ ഫോണും ചോര്‍ത്തിയുണ്ടാകാമെന്നും മമത ബാനര്‍ജി പറഞ്ഞു. താന്‍ പാര്‍ട്ടി നേതാവ് അഭിഷേക് ബാനര്‍ജിയുമായു പ്രശാന്ത് കിഷോറുമായുമൊക്കെ സംസാരിക്കുന്നയാളാണ്. ഒരു ഫോണ്‍ നമ്പര്‍ ചോര്‍ത്തിയെന്ന് പറഞ്ഞാല്‍ എല്ലാം ചോര്‍ത്തിയെന്നാണ് അര്‍ത്ഥമെന്നും മമത പറഞ്ഞു.

പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പെഗാസസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിരമിച്ച ജഡ്ജിമാരായ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് ജ്യോതിര്‍മയി ഭട്ടാചാര്യ എന്നിവരടങ്ങുന്ന പാനലിനെയാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.

രാജ്യത്ത് ആദ്യമായാണ് പെഗാസസില്‍ ഒരു സംസ്ഥാനം അന്വേഷണം പ്രഖ്യാപിക്കുന്നത്. പെഗാസസില്‍ കേന്ദ്രം അന്വേഷണം നടത്താത്ത പശ്ചാത്തലത്തിലാണ് നടപടിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചിരുന്നു.

ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പാനലിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൃണമൂല്‍ എംപിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയേയും പെഗാസസ് നിരീക്ഷിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മമത ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇതാദ്യമായാണ് ഇസ്രയേല്‍ കമ്പനിയായ എന്‍.എസ്.ഒയുടെ ചാരസോഫ്റ്റ്വെയറായ പെഗാസസിലൂടെ ഫോണ്‍ ചോര്‍ത്തിയെന്ന വിവാദത്തില്‍ ഇന്ത്യയില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത്.

പെഗാസസ് പ്രോജക്ട് ഡാറ്റ

പാരീസ് ആസ്ഥാനമാക്കിയുള്ള ഫോര്‍ബിഡണ്‍ സ്റ്റോറീസ് എന്ന നോണ്‍ പ്രോഫിറ്റ് മീഡിയ ഓര്‍ഗനൈസേഷനും ആംനസ്റ്റി ഇന്റര്‍നാഷണലിനും 2016 മുതല്‍ എന്‍.എസ്.ഒയുടെ ക്ലയിന്റ് ഉപയോഗിക്കുന്ന അമ്പതിനായിരത്തില്‍ പരം ഫോണ്‍ നമ്പറുകളാണ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാരുകള്‍ എന്‍.എസ്.ഒയ്ക്ക് കൈമാറിയതാണ് ഈ നമ്പറുകള്‍.

അവരിത് പതിനാറില്‍ പരം മീഡിയ ഓര്‍ഗനൈസേഷന്‍സിന് കൈമാറുകയായിരുന്നു. 80 ഓളം മാധ്യമ പ്രവര്‍ത്തകര്‍ പെഗാസസ് പ്രോജക്ടിന്റെ ഭാഗമായി മാസങ്ങളോളം പ്രവര്‍ത്തിച്ചു.

പ്രൊജക്ടിന്റെ ടെക്‌നിക്കല്‍ പാര്‍ട്ണറായ ആംനസ്റ്റി സെക്യൂരിറ്റി ലാബ് ഫോറന്‍സിക് അനാലിസ് നടത്തി. ഈ അന്വേഷണത്തില്‍ ക്രിമിനലുകള്‍ക്കും ടെറസിസ്റ്റുകള്‍ക്കുമെതിരെ മാത്രം ഉപയോഗിക്കാന്‍ ഡിസൈന്‍ ചെയ്യപ്പെട്ടത് എന്ന് എന്‍.എസ്.ഒ അവകാശപ്പെടുന്ന ഹാക്കിങ്ങ് സ്‌പൈവെയറിന്റെ ദുരുപയോഗത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

എന്‍.എസ്.ഒ ഗ്രൂപ്പ് അവകാശപ്പെടുന്നത് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുള്ള സര്‍ക്കാരുകള്‍ക്ക് മാത്രമേ പെഗാസസ് വില്‍ക്കുകയുള്ളു എന്നാണ്. ഇത് തന്നെയാണ് ഇന്ന് പല സര്‍ക്കാരുകളെയും പ്രതിരോധത്തിലാക്കുന്നതും.

67 സ്മാര്‍ട്ട് ഫോണുകളില്‍ ആംനസ്റ്റി ലാബ് പരിശോധന നടത്തിയതില്‍ 23 എണ്ണത്തിലും പെഗാസസ് ഇന്‍ഫെക്ട് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി, 14 എണ്ണത്തില്‍ അറ്റാക്കിനുള്ള ശ്രമങ്ങള്‍ കണ്ടെത്തി, ബാക്കിയുള്ള 30 എണ്ണത്തില്‍ കൃത്യമായ നിഗമനത്തില്‍ എത്താന്‍ സാധിച്ചില്ല. ഭൂരിഭാഗം കേസിലും ഫോണ്‍ മാറ്റിയിരുന്നു എന്നതാണ് കാരണം. എന്‍,എസ്.ഒയുടെ വാദങ്ങള്‍ വെച്ച് പരിശോധിച്ചാല്‍ സര്‍ക്കാരുകള്‍ അറിയാതെ ഈ ചോര്‍ത്തല്‍ നടക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in