'ജനങ്ങള്‍ക്ക് കള്ളം വില്‍ക്കുന്നതിനെയാണ് ഞാന്‍ തുറന്നുകാട്ടിയത്'; ഊബറിനെതിരെ തുറന്നു പറച്ചിലുമായി മാര്‍ക്ക് മാക്ഗാന്‍

'ജനങ്ങള്‍ക്ക് കള്ളം വില്‍ക്കുന്നതിനെയാണ് ഞാന്‍ തുറന്നുകാട്ടിയത്'; ഊബറിനെതിരെ തുറന്നു പറച്ചിലുമായി മാര്‍ക്ക് മാക്ഗാന്‍
Published on

ഊബറുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ ഊബര്‍ ഫയല്‍സ് അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന് ചോര്‍ത്തി നല്‍കിയത് താന്‍ ആണെന്ന് തുറന്നു പറഞ്ഞ് ഊബര്‍ കരിയര്‍ ലോബിയിസ്റ്റ് ആയിരുന്ന മാര്‍ക്ക് മാക്ഗാന്‍.

പല രാജ്യങ്ങളിലും ഊബര്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്നും വിശ്വസിക്കുന്നതുകൊണ്ടാണ് മുന്നോട്ടുവന്നതെന്ന് മാര്‍ക്ക് ദ ഗാര്‍ഡിയനോട് പറഞ്ഞു. താന്‍ ഊബറിന്റെ മുന്‍നിര ടീമിന്റെ ഭാഗമായിരുന്നു എന്നും മാക്ഗാന്‍ കൂട്ടിച്ചേര്‍ത്തു.

1,24,000-ലധികം കമ്പനി വിവരങ്ങളും സ്വകാര്യ സംഭാഷണങ്ങളും അടങ്ങുന്ന ഫയലുകളാണ് ഊബര്‍ ഫയല്‍സ്.

ഊബറിന്റെ പല പ്രധാനപ്പെട്ട തീരുമാനങ്ങളുടെ ഭാഗമായിരുന്നു. ചെയ്തതില്‍ കുറ്റബോധമുണ്ടെന്നും തുറന്നു പറയാന്‍ അതും ഒരു കാരണമാണെന്നും മാര്‍ക്ക് പറഞ്ഞു.

'ഒരളവുവരെ ഞാനും ഉത്തരവാദിയാണ്. ഗവണ്‍മെന്റുകളോട് സംസാരിച്ചിരുന്നത് ഞാനാണ്, മാധ്യമങ്ങളുമായി ഇത് മുന്നോട്ട് വെച്ചിരുന്നതും ഞാനാണ്. ഡ്രൈവര്‍മാര്‍ക്ക് നേട്ടമുണ്ടാക്കാനും ആളുകള്‍ക്ക് സാമ്പത്തിക അവസരങ്ങള്‍ ലഭിക്കാനും നിയമങ്ങള്‍ മാറ്റണമെന്ന് ആളുകളോട് പറഞ്ഞതും ഞാനായിരുന്നു.

യാഥാര്‍ത്ഥ്യം അങ്ങനെ അല്ലെന്ന് തെളിഞ്ഞപ്പോള്‍, ഞങ്ങള്‍ ആളുകള്‍ക്ക് ഒരു കള്ളം വില്‍ക്കുകയായിരുന്നു. ഇവിടെ ഇന്ന് ആളുകളെ കൈകാര്യം ചെയ്യപ്പെടുന്ന രീതിയില്‍ എന്റെ പങ്ക് കൂടിയുണ്ട്. അത് അംഗീകരിച്ചില്ലെങ്കില്‍ എനിക്ക് എങ്ങനെ സമാധാനത്തോടെ ജീവിക്കാന്‍ പറ്റും?', മാര്‍ക്ക് മാക്ഗാന്‍ പറഞ്ഞു.

2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ ആണ് മാര്‍ക്ക് മാക്ഗാന്‍ ഊബറിന്റെ കരിയര്‍ ലോബിയിസ്റ്റ് ആയി ജോലി ചെയ്തിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in