എട്ടു വയസ്സുകാരിയെയും പിതാവിനെയും പരസ്യവിചാരണ ചെയ്ത പിങ്ക് പൊലീസിന് പരാമവധി ശിക്ഷ നല്‍കിയെന്ന് ഐജിയുടെ റിപ്പോര്‍ട്ട്. പൊലീസുകാരിയുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായെന്നും എന്നാല്‍ അവര്‍ക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ നല്‍കിയെന്നുമാണ് ഐജി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞത്.
മൊബൈല്‍ കാണാതായപ്പോള്‍ പൊലീസുകാരി ജാഗ്രത പുലര്‍ത്തിയില്ല, അച്ഛനോടും മകളോടും ഇടപെടുന്നതിലും ഉദ്യോഗസ്ഥയ്ക്ക് വീഴ്ചയുണ്ടായി. മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തെറ്റ് പറ്റിയത് അറിഞ്ഞിട്ടും ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞില്ല. ഈ കുറ്റത്തിന് ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. കൂടുതല്‍ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.
അതേസമയം തനിക്ക് നീതി കിട്ടിയില്ലെന്ന് പരസ്യവിാരണയ്ക്ക് ഇരയായ ജയചന്ദ്രന്‍ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ഇരുന്നിരുന്നു.
ആഗസ്ത് 28നാണ് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും പൊലീസ് ഉദ്യോഗസ്ഥ രജിത പരസ്യമായി വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രന്‍ മോഷ്ടിച്ചെടുത്ത് മകള്‍ക്ക് കൈമാറിയെന്ന് ആരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്റ്റേഷനില്‍ കൊണ്ടു പോയി അച്ഛന്റെയും മകളുടെയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു.
ഫോണ്‍ എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും രജിത പിന്മാറാന്‍ തയ്യാറായില്ല. ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയുടെ ബാഗ് പരിശോധിച്ചപ്പോള്‍ സൈലന്റിലാക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ രജിതയെ സ്ഥലം മാറ്റിയിരുന്നു. റൂറല്‍ എസ്.പി ഓഫീസിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്.