സലിംകുമാറിന് രാഷ്ട്രീയ താല്‍പര്യം; ഇനി ഒന്നും ചെയ്യാനില്ലെന്ന് കമല്‍

സലിംകുമാറിന് രാഷ്ട്രീയ താല്‍പര്യം; ഇനി ഒന്നും ചെയ്യാനില്ലെന്ന് കമല്‍
Published on

ചലച്ചിത്ര മേളയില്‍ പങ്കെടുക്കില്ലെന്ന സലിംകുമാറിന്റെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഒരിക്കലും സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ല. താന്‍ നേരിട്ട് വിളിച്ച് അരമണിക്കൂര്‍ സംസാരിച്ചിരുന്നതായും കമല്‍ വ്യക്തമാക്കി. സലിംകുമാറിനുണ്ടായ ബുദ്ധിമുട്ടിന് മാപ്പ് ചോദിക്കുന്നുവെന്നും കമല്‍ പറഞ്ഞു.

കൊച്ചിയിലെ സംഘാടക സമിതിയാണ് സലിംകുമാറിനെ വിളിച്ചത്. കുറെ ദിവസം മുമ്പ് തന്നെ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയെന്നത് ഏത് അര്‍ത്ഥത്തിലാണ് പറഞ്ഞതെന്നറിയില്ല. തിരുവനന്തപുരത്ത് യോഗം ചേര്‍ന്നുവെന്നാണ് സലിംകുമാര്‍ പറയുന്നത്. അങ്ങനെയൊരു യോഗം ചേര്‍ന്നിട്ടില്ല. ടിനി ടോം പറഞ്ഞുവെന്നാണ് സലിംകുമാര്‍ പറയുന്നത്.

കൊച്ചിയിലാണ് യോഗം ചേര്‍ന്നത്. സലിംകുമാറിന്റെ സുഹൃത്തുക്കളാണ് യോഗത്തില്‍ പേരുകള്‍ തയ്യാറാക്കിയത്. വിളിച്ചപ്പോള്‍ മോശമായ രീതിയിലാണ് സലിംകുമാര്‍ പ്രതികരിച്ചതെന്നാണ് സംഘടക സമിതി തന്നോട് പറഞ്ഞത്.

സലിംകുമാറുമായി വര്‍ഷങ്ങളായുള്ള ബന്ധമുണ്ട്. ആ ബന്ധം വെച്ചാണ് ഇന്നലെ അരമണിക്കൂര്‍ സംസാരിച്ചത്. താനുമായി ഒരു പ്രശ്‌നവുമില്ല. മറ്റാരും വിളിച്ചില്ലെങ്കിലും താന്‍ നേരിട്ട് പോയി വിളിക്കുമായിരുന്നു. അതിനുള്ള അവസരമാണ് സലിംകുമാര്‍ നഷ്ടപ്പെടുത്തിയതെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.

25 പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം തന്റെ പേരില്ലെന്നായിരുന്നു സലിംകുമാറിന്റെ ആരോപണം. പ്രായം കൂടുതലാണെന്ന കാരണം പറഞ്ഞാണ് തന്നെ ഒഴിവാക്കിയത്. തനിക്കൊപ്പം പഠിച്ച അമല്‍ നീരദും ആഷിഖ് അബുവും പങ്കെടുക്കുന്നുണ്ട്. സി.പി.എം മേളയില്‍ കോണ്‍ഗ്രസുകാരനെ പങ്കെടുപ്പിക്കുന്നില്ലെന്നും സലിംകുമാര്‍ ആരോപിച്ചിരുന്നു.

വിവാദത്തിന് പിന്നാലെ കമല്‍ നേരിട്ട് വിളിച്ചെങ്കിലും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണെന്ന് സലിംകുമാര്‍ വ്യക്തമാക്കിയിരുന്നു. ഇനി പങ്കെടുത്താല്‍ പിന്തുണച്ചവരോടുള്ള വഞ്ചനയാവുമെന്നും സലിംകുമാര്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in