'നിങ്ങള്‍ വെറുപ്പുമായ് ഇറങ്ങിയാല്‍ ഞങ്ങള്‍ സ്നേഹത്തിന്റെ കടകള്‍ തുറക്കും' ഒരുമയുടെ രാഷ്ട്രീയം പറഞ്ഞ് രാഹുലിന്റെ ചെങ്കോട്ട പ്രസംഗം

'നിങ്ങള്‍ വെറുപ്പുമായ് ഇറങ്ങിയാല്‍ ഞങ്ങള്‍ സ്നേഹത്തിന്റെ കടകള്‍ തുറക്കും'
ഒരുമയുടെ രാഷ്ട്രീയം പറഞ്ഞ് രാഹുലിന്റെ ചെങ്കോട്ട പ്രസംഗം
Published on

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ എത്തിയതോടെ യാത്രയുടെ മുഖം മാറിയിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ ആരംഭിച്ച യാത്രയ്‌ക്കൊപ്പം വിവാദങ്ങളും ഒപ്പമുണ്ടായിരുന്നു. യാത്രയുടെ റൂട്ട്മാപ്പിനെ സംബന്ധിച്ചും ഓരോ സംസ്ഥാനത്ത് ചെലവഴിക്കുന്ന സമയത്തെ സംബന്ധിച്ചും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. യാത്ര തെലുങ്കാനയില്‍ എത്തിയ സമയത്തായിരുന്നു ഗുജറാത്ത്-ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍. യാത്രയിലായിരുന്ന രാഹുല്‍ഗാന്ധിക്ക് രണ്ട് സംസ്ഥാനങ്ങളിലും ഇടപെടാന്‍ കഴിഞ്ഞില്ല. ഹിമാചലില്‍ കോണ്‍ഗ്രസ്സിന് തിരിച്ചുവരാന്‍ കഴിഞ്ഞെങ്കിലും ഗുജറാത്തില്‍ വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ഒരു ഉപകാരവുമില്ലാത്ത യാത്രക്ക് വേണ്ടി ഗുജറാത്തില്‍ ദയനീയ പരാജയം ഇരന്നുവാങ്ങിയെന്ന വിമര്‍ശനങ്ങളും ഇതോടെ ഉയര്‍ന്നു.

എന്നാല്‍ അതിനെയൊക്കെ ഒരു പരിധി വരെ പ്രതിരോധിക്കുന്ന തരത്തിലാണ് യാത്ര ഡല്‍ഹിയിലേക്ക് കടന്നുചെന്നിരിക്കുന്നത്. ചൈനയില്‍ കോവിഡ് വ്യാപിക്കുന്ന ഘട്ടത്തില്‍ കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കണമെന്നും ഇല്ലെങ്കില്‍ യാത്ര നിര്‍ത്തിവെക്കുന്നതാണ് നല്ലതെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. യാത്രയെ ബിജെപി തടയാന്‍ ശ്രമിക്കുന്നു എന്ന തരത്തിലാണ് രാഹുല്‍ ഗാന്ധി ഇതിനോട് പ്രതികരിച്ചത്. കോവിഡിനെ ഇറക്കി യാത്രയെ ഇല്ലാതാക്കാന്‍ നോക്കുന്നെന്ന് ശിവസേനയുടെ മുഖപത്രമായ 'സാമന' എഡിറ്റോറിയലും എഴുതി. ജനകീയ അടിത്തറ വ്യാപിപ്പിക്കാനും പ്രതിപക്ഷ കക്ഷികളെ തങ്ങള്‍ക്ക് പിന്നില്‍ അണിനിരത്താനും, അതുവഴി വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യം ഒരുക്കാനും കോണ്‍ഗ്രസ്സിന് കഴിയുമോ എന്നാണു ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

ഡല്‍ഹിയില്‍ യാത്ര എത്തിച്ചേര്‍ന്ന ദിവസം സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെന്നിന്ത്യന്‍ സിനിമ താരം കമല്‍ ഹാസനും യാത്രയില്‍ പങ്കുചേര്‍ന്നിരുന്നു. 'യാത്രയില്‍ പങ്കെടുക്കുന്നത് തെറ്റായ തീരുമാനമായിരിക്കുമെന്ന് പലരും പറഞ്ഞു. പക്ഷെ എന്റെ ഹൃദയം എന്നോട് പറഞ്ഞു, ഭാരതത്തെ നശിപ്പിക്കാനല്ല, ഒന്നിപ്പിക്കാനുള്ള യാത്രയാണിത്. ആകുന്ന സഹായം ചെയ്യൂ എന്ന്'- കമല്‍ ഹാസന്‍ പറഞ്ഞു.

യാത്രയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ പ്രശ്ംസിച്ച് പലരും രംഗത്ത് വന്നിരുന്നു. രാഹുലിന്റെ വാക്കുകള്‍ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുന്നതാണെന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വാക്കുകള്‍. നെഹ്രുവിന്റെ കൊച്ചുമകന്‍ നെഹ്റുവിനെ പോലെ സംസാരിക്കുന്നെന്നായിരുന്നു സ്റ്റാലിന്‍ പറഞ്ഞത്. പ്രിയ സഹോദരന്‍ എന്നാണു രാഹുല്‍ ഗാന്ധിയെ സ്റ്റാലിന്‍ സംബോധന ചെയ്തത്.

'രാഹുലിന്റെ പ്രസംഗങ്ങള്‍ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റേത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമോ കക്ഷി രാഷ്ട്രീയമോ അല്ല. പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണ്. അതുകൊണ്ടാണ് ചിലര്‍ അദ്ദേഹത്തെ ശക്തമായി എതിര്‍ക്കുന്നത്. രാഹുലിന്റെ സംസാരം ചിലപ്പോള്‍ നെഹ്റുവിനെപ്പോലെയാണ്. നെഹ്‌റുവിന്റെ കൊച്ചുമകന്‍ അങ്ങനെ സംസാരിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും അനന്തരാവകാശികളുടെ വര്‍ത്തമാനങ്ങളില്‍ ഗോഡ്സെയുടെ പിന്‍ഗാമികള്‍ക്കു കയ്‌പേ തോന്നൂ'- സ്റ്റാലിന്‍ പറഞ്ഞു

ചെങ്കോട്ടയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം:

ഞാന്‍ വിചാരിച്ചത്, ഈ രാജ്യത്തിന്റെ മുക്കിലും മൂലയിലും വെറുപ്പ് പടര്‍ന്ന് പിടിച്ചിട്ടുണ്ടെന്നാണ്. കന്യാകുമാരിയില്‍ നിന്ന് ഈ യാത്ര തുടങ്ങുമ്പോള്‍ ഈ രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കണം എന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ഈ യാത്ര എനിക്ക് ബോദ്ധ്യപ്പെടുത്തി തന്നു, അതൊരു മിഥ്യ ആണെന്ന്. ഇവിടത്തെ മനുഷ്യര്‍ക്കിടയില്‍ ഒരു അതിര്‍വരമ്പുമില്ല.

പക്ഷെ ചില മാധ്യമങ്ങള്‍ വെറുപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അവരെപ്പോഴും ഹിന്ദുവിനേയും മുസ്ലിമിനേയും കുറിച്ച് പറയുന്നു. ചര്‍ച്ചകള്‍ നടത്തുന്നു. ഞാന്‍ കന്യാകുമാരി തൊട്ട് ഡല്‍ഹി വരെ നടന്നു. റോഡരികില്‍ ലക്ഷക്കണക്കിന് ആളുകളെ കണ്ടുമുട്ടി. അവരന്യോന്യം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നു. ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ ആവട്ടെ, ഈ രാജ്യത്തെ ഓരോ പൗരനും കലര്‍പ്പില്ലാതെ സ്നേഹം പങ്കിടുന്നു. ആ സത്യത്തെ മറച്ചുവെച്ച് കൊണ്ട് മാധ്യമങ്ങള്‍ പറയുകയാണ്, ഇവര്‍ക്കിടയില്‍ വെറുപ്പുണ്ടെന്ന്. ഇവര്‍ അന്യോന്യം വെറുക്കേണ്ടവര്‍ ആണെന്ന്.

ഈ പ്രസംഗവേദിയുടെ ചുറ്റിലും നിങ്ങളൊന്ന് കണ്ണോടിക്കൂ, ഇവിടെ പള്ളിയില്ലേ, അമ്പലമില്ലേ, മറ്റ് ആരാധാനാലയങ്ങള്‍ ഇല്ലേ, ഇതാണ് ഹിന്ദുസ്ഥാന്‍. ഇതാണ് എന്റെ ഇന്ത്യ. ഇതാണ് ഈ രാജ്യത്തിന്റെ ശരിയായ മുഖം. ഇത് ഇന്നോ ഇന്നലെയോ ഉരുത്തിരിഞ്ഞ് വന്ന പുതിയ പ്രതിഭാസമൊന്നുമല്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇത് ഇങ്ങനെ തന്നെയാണ്. ഇത് നമ്മുടെ മഹത്തായ പാരമ്പര്യമാണ്. ഈ രാജ്യത്തെ ഓരോ മനുഷ്യനും സഹകരിച്ചും സ്നേഹിച്ചുമാണ് ജീവിക്കുന്നത്. ഇതാണ് സത്യമെന്നിരിക്കെ മാധ്യമങ്ങള്‍ എന്തിനാണിങ്ങനെ നുണ പറഞ്ഞുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് സ്നേഹത്തിന്റെ ഭാഷ അറിയുകയേയില്ല. അവരൊരിക്കലും ജാതിക്കും മതത്തിനുമപ്പുറം മനുഷ്യര്‍ പുലര്‍ത്തുന്ന ഊഷ്മളമായ സഹവര്‍ത്തിത്വത്തിന്റെ കഥ പറയാറുമില്ല.

മാധ്യമങ്ങള്‍ പോക്കറ്റടിക്കാരെ പോലെയാണ്. പോക്കറ്റടിക്കാര്‍ നിങ്ങളുടെ പോക്കറ്റ് അറുക്കും മുമ്പ് നിങ്ങളുടെ ശ്രദ്ധയെ മറ്റൊരു വശത്തേക്ക് തിരിക്കും. അതുപോലെ ഈ രാജ്യത്ത് ഉയരേണ്ട പ്രധാന വിഷയങ്ങളില്‍ നിന്ന് നിങ്ങളുടെ പ്രജ്ഞയെ മാറ്റി അവര്‍ നിങ്ങളുടെ പോക്കറ്റടിക്കാനുള്ള അവസരം ഒരുക്കികൊടുക്കുന്നു. നിങ്ങള്‍ക്ക് ലഭിക്കേണ്ട പണം കവര്‍ന്നെടുക്കുന്നു. അവരെ ആരാണ് നിയന്ത്രിക്കുന്നതെന്ന് അറിയാമോ? അതെ, ഈ രാജ്യത്തെ ഭരണകൂടം.

ഞാന്‍ 2,800 കിലോമീറ്റര്‍ നടന്നുകഴിഞ്ഞു. ഈ വഴികളിലൊന്നും ഞാനൊരു വെറുപ്പും കണ്ടില്ല, ഒരു അതിക്രമവും കണ്ടില്ല, ഒരു കലാപവും കണ്ടില്ല. പക്ഷെ എപ്പോഴൊക്കെ ഇവരുടെ ചാനല്‍ തുറക്കുന്നോ അപ്പോഴൊക്കെ വെറുപ്പും അതിക്രമവും കലാപവും കാണുന്നു. അവര്‍ പ്രദര്‍ശിപ്പിക്കുന്ന തെറ്റായ കാഴ്ചയിലൂടെ, അവാസ്തവങ്ങളായ വിവരങ്ങളിലൂടെ നിങ്ങളുടെ ശ്രദ്ധയെ മാറ്റിപ്രതിഷ്ഠിക്കാന്‍ കഴിയും എന്ന് അവര്‍ കരുതുന്നു. ശരിയാണ്, നിങ്ങള്‍ കൂടി ആഗ്രഹിച്ചാലല്ലാതെ നിങ്ങളുടെ ശ്രദ്ധയെ ആര്‍ക്കും കവര്‍ന്നെടുക്കാന്‍ കഴിയില്ല.

ഈ രാജ്യത്ത് അനേകലക്ഷം അഭ്യസ്തവിദ്യരായ യുവാക്കളുണ്ട്. അവര്‍ക്കെന്താണ് ഈ രാജ്യം നല്‍കിയത്? എങ്ങനെയാണീ രാജ്യത്ത് തൊഴിലില്ലായ്മ പെരുകിയത്? ഈ രാജ്യത്ത് കര്‍ഷകരുണ്ട്, ചെറുകിട വ്യാപാരികളുണ്ട്, ചെറുകിട ഇടത്തരം വ്യവസായികളുണ്ട്. അവരാണീ രാജ്യത്തിന്റെ ഭാവി. ഈ രാജ്യത്ത് ആര്‍ക്കെങ്കിലും തൊഴില്‍ നല്‍കാന്‍ കഴിയുമെങ്കില്‍ അത് അവര്‍ക്ക് മാത്രമാണ്. അവരെ ഈ ഭരണകൂടം നശിപ്പിച്ചു. അവര്‍ക്ക് ലോണ്‍ നിഷേധിക്കപ്പെട്ടു. വന്‍കിട മുതലാളിമാര്‍ക്ക് കോടികള്‍ നല്‍കുമ്പോള്‍ അവര്‍ അവഗണിക്കപ്പെടുന്നു. നോട്ട് നിരോധനവും തെറ്റായ ജിഎസ്ടിയും വന്നതോടെ അവരുടെ സ്ഥാപനങ്ങള്‍ പൂട്ടുകയോ പൂട്ടുന്നതിനു സമാനമായ രീതിയില്‍ അധപതിക്കുകയോ ചെയ്തു. ഇത് ഭരണകൂടത്തിന്റെ പച്ചയായ അഴിമതിയാണ്.

ബിജെപി ഹിന്ദുമതത്തെ കുറിച്ച് പറയുന്നു. ഹിന്ദുമതത്തില്‍ എവിടെയാണ് പാവങ്ങളെ അവഗണിക്കണമെന്ന് പറയുന്നത്? മറ്റുള്ളവനെ ആക്രമിക്കണം എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്? ഞാന്‍ ഗീതയും ഉപനിഷത്തുകളും വായിച്ചിട്ടുണ്ട്. ഇവര്‍ പറയുന്നതൊന്നും ഞാനതില്‍ എവിടെയും കണ്ടില്ല. ഭയക്കരുതെന്നാണ് ഹിന്ദുമതം പറയുന്നത്. പക്ഷെ ഇവര്‍ ഭയം വിതയ്ക്കുന്നു. ഇവിടെ ഓരോ മനുഷ്യന്റെ ഹൃദയത്തിലും ഇന്ന് ഭയമുണ്ട്. ഭയപ്പെട്ടാണ് ഓരോരുത്തരും ജീവിക്കുന്നത്.

ഈ യാത്രയില്‍ അനേകായിരം മനുഷ്യരാണ് പലയിടങ്ങളില്‍ നിന്ന് പലപ്പോഴായി അണിചേര്‍ന്നത്. അവരാരും അന്യോന്യം മതം ചോദിച്ചില്ല. ജാതി ചോദിച്ചില്ല. വേഷത്തെ കുറിച്ച് ചോദിച്ചില്ല. തെറ്റായ ഒരു ചോദ്യവും ഉന്നയിച്ചില്ല. വീണുപോകുന്നവരെ താങ്ങുകയാണ് ചെയ്തത്. ഒരിടത്ത് വെച്ച് ഒരു നായ നമ്മുടെ യാത്രക്കൊപ്പം നടക്കുന്നത് നിങ്ങള്‍ വിഡിയോയില്‍ കണ്ടിട്ടുണ്ടാകും. നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ, യാത്രയില്‍ പങ്കെടുത്ത ആരും ആ നായയെ ആക്രമിച്ചില്ല. എല്ലാവരും ഒരുമിച്ച് നടന്നു. മനുഷ്യരും മൃഗങ്ങളും കൂടി ഒന്നിച്ച്. ഈ രാജ്യം പോലെ ഈ യാത്രയും ഒരുമിച്ച് നീങ്ങുകയാണ്. എത്ര മനോഹരമാണത്.

എന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ബിജെപി ശ്രമിച്ചിട്ടുണ്ട്. അവര്‍ വിലക്കെടുത്ത മാധ്യമങ്ങള്‍ അതിനായി രാപകല്‍ പണിയെടുത്തു. ഞാന്‍ ഒരക്ഷരം മിണ്ടിയില്ല. ഇത് തെറ്റാണെന്നോ ശരിയല്ലെന്നോ പറഞ്ഞില്ല. ഏത് വരെ പോകുമെന്ന് എനിക്കറിയണമായിരുന്നു. എനിക്കുറപ്പുണ്ട്, സത്യത്തെ അങ്ങനെ അധിക കാലം വളച്ചൊടിച്ച് വെക്കാനോ മറച്ചുപിടിക്കാനോ കഴിയില്ലെന്ന്. അതുകൊണ്ട് ഈ വെറുപ്പിന്റെ രാഷ്ട്രീയവയും അധികകാലം വാഴില്ല.

ഈ രാജ്യത്തെ മറ്റൊരു പ്രധാന വിഷയം ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കമാണ്. ചൈന നമ്മുടെ 2000 സ്‌ക്വയര്‍ കിലോമീറ്റര്‍ ഭൂമി കൊണ്ടുപോയിരിക്കുന്നു. പ്രധാനമന്ത്രി പറയുന്നത് നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ ആരും വന്നിട്ടില്ലെന്നാണ്. പിന്നെന്തിനാണ് നമ്മുടെ സേന അവരുടെ സേനയുമായി 21 തവണ ചര്‍ച്ച നടത്തിയത്? നമ്മുടെ മണ്ണ് അവര്‍ കൊണ്ടുപോകുന്നെന്ന് നമ്മുടെ പ്രതിരോധസേന എന്തിനാണ് വിലപിക്കുന്നത്? ഇതൊരു സാമ്പത്തിക മത്സരത്തിന്റെ കാര്യം കൂടിയാണ്. നിങ്ങള്‍ നിങ്ങളുടെ പോക്കറ്റിലെ ഫോണ്‍ നോക്കൂ, ഷര്‍ട്ട് നോക്കൂ, ഷൂസ് നോക്കൂ. നിങ്ങള്‍ക്കതില്‍ 'മെയിഡ് ഇന്‍ ചൈന' എന്ന് കാണാന്‍ കഴിയും. ഇങ്ങനെയാണോ നിങ്ങളീ യുദ്ധം ജയിക്കാന്‍ പോകുന്നത്? ചൈനയിലെ ഷാങ്ഹായ് പട്ടണത്തിലെ ഒരു ചൈനീസ് യുവാവിന്റെ കയ്യിലെ ഫോണില്‍ 'മെയിഡ് ഇന്‍ ഇന്ത്യ' എന്ന് തെളിയുന്ന ഒരു ഇന്ത്യയില്ലേ, ആ ഇന്ത്യയാണ് നമുക്ക് വേണ്ടത്. നാമീ യുദ്ധം ജയിക്കേണ്ടത് അങ്ങനെയാണ്. അത്തരത്തിലേക്ക് ഈ രാജ്യം പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ഇവിടെ തൊഴിലവസരങ്ങളുണ്ടാകും, പാവപ്പെട്ടവന്റെ വിശപ്പിനു അറുതിയാകും. സര്‍വോപരി സമാധാനമുണ്ടാകും.'

Related Stories

No stories found.
logo
The Cue
www.thecue.in