നിയമവിദ്യാര്‍ത്ഥി മൊഫിയ പര്‍വീണിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ വിഷയത്തില്‍ പൊലീസും സര്‍ക്കാരും മികച്ച നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പിതാവ് ദില്‍ഷാദ് കെ. സലീം. നിലവിലെ നടപടികള്‍ മികച്ചതാണെങ്കിലും മകളുടെ മരണശേഷമാണ് അന്വേഷണം നടന്നത്. പരാതി നല്‍കിയ വ്യക്തി മരിച്ച് പോയതിന് ശേഷമാണ് അറസ്റ്റ് നടന്നതെന്ന വിഷമം ഉണ്ടെന്നും മൊഫിയയുടെ പിതാവ് ദ ക്യുവിനോട് പറഞ്ഞു.
അന്വേഷണം നേരത്തെ നടന്നിരുന്നെങ്കില്‍ മകളുടെ മരണം ഒഴിവാക്കാമായിരുന്നു. നിലവില്‍ സുഹൈലിനെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതുവരെയുള്ള നടപടികളെല്ലാം മികച്ച രീതിയിലാണ് പോകുന്നതെന്നും ദില്‍ഷാദ് പറയുന്നു. എന്നാല്‍ സി.ഐയുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണ്. അത് നല്ല നടപടിയല്ലെന്നും ദില്‍ഷാദ് കൂട്ടിച്ചേര്‍ത്തു.
മൊഫിയയുടെ പിതാവിന്റെ വാക്കുകള്‍:
'പൊലീസിന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ മികച്ച നടപടിയാണ് നടക്കുന്നത്. എസ്.എച്ച.ഓയെ കുറിച്ചുള്ള റിപ്പോര്‍ട്ട് എസ്.പി മടക്കി അയച്ചിട്ടുണ്ട്. അത് ഡിവൈഎസ്പി നല്ല രീതിയില്‍ തന്നെ അയക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള അന്വേഷണങ്ങളെല്ലാം മികച്ചത് തന്നെയാണ്. പിന്നെ ഒരു സങ്കടം മകള്‍ പോയതിന് ശേഷമാണ് അന്വേഷണം നടന്നത് എന്ന കാര്യത്തിലാണ്. പരാതി കൊടുത്ത വ്യക്തി മരിച്ച് പോയതിന് ശേഷം അയാളെ അറസ്റ്റ് ചെയ്തു. അത് നേരത്തെ നടന്നിരുന്നെങ്കില്‍ മരണം ഒഴിവാക്കാമായിരുന്നു. ഇനിയുള്ളതൊന്നും ആ മരണത്തിന് അത്രയും വരില്ല. എന്തായാലും അന്വേഷണമെല്ലാം മികച്ചത് തന്നെയാണ്. നിലവില്‍ അയാളെ റിമാന്റ് ചെയ്തിട്ടുണ്ട്. ബാക്കി നടപടികള്‍ എന്തായിരിക്കുമെന്ന് നമുക്ക് നോക്കാം. അന്വേഷണം മോശമാണെങ്കില്‍ അപ്പോള്‍ എന്ത് ചെയ്യണമെന്ന് ചിന്തിക്കും. നിലവില്‍ മികച്ച സര്‍ക്കാര്‍ സംവിധാനം തന്നെയാണ്. അതേസമയം എസ്.എച്ച്.ഒായുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഉരുണ്ട് കളിക്കുകയാണ് എന്നത് പ്രശ്‌നമാണ്. അത് നല്ല നടപടിയല്ല.'
മൊഫിയയുടെ സ്ത്രീധന പീഡന പരാതിയില്‍ നവംബര്‍ 18ന് പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വെച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്ന് ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് മൊഫിയ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്ക് പുറമെ ആലുവ സിഐക്കെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്.
സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മൊഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.