ചര്‍ച്ചകള്‍ കഴിഞ്ഞു, ഐബിഎം കേരളത്തിലെത്തും; കൊച്ചിയില്‍ വികസനകേന്ദ്രം തുടങ്ങാന്‍ ധാരണയെന്ന് മുഖ്യമന്ത്രി

ചര്‍ച്ചകള്‍ കഴിഞ്ഞു, ഐബിഎം കേരളത്തിലെത്തും; കൊച്ചിയില്‍ വികസനകേന്ദ്രം തുടങ്ങാന്‍ ധാരണയെന്ന് മുഖ്യമന്ത്രി
Published on

ബഹുരാഷ്ട്ര ഐ.ടി ഭീമനായ ഐ.ബി.എം കേരളത്തിലേക്ക്. ഐ.ബി.എമ്മിന്റെ ഇന്ത്യന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം അത്യാധുനിക വികസന കേന്ദ്രം കൊച്ചിയില്‍ തുടങ്ങാന്‍ ധാരണയായ കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ളൗഡ് അടക്കമുള്ള അതിനൂതന സാങ്കേതികവിദ്യകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന കേന്ദ്രമാണ് കൊച്ചിയില്‍ ഐ.ബി.എം സ്ഥാപിക്കുക. കേരളത്തിനെ ഒരു ഡിജിറ്റല്‍ വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറ്റുന്നതിന് മുന്നോടിയായാണ് ഐ.ബി.എമ്മിന്റെ വരവ്. സര്‍ക്കാരിന്റെയും മറ്റ് ഉപഭോക്താക്കളുടെയും ആവശ്യങ്ങള്‍ നിറവേറ്റാനായി നിര്‍മിതബുദ്ധി, ഡേറ്റ, സെക്യൂരിറ്റി പോലുള്ള മേഖലകളിലെ സാങ്കേതിക പരീക്ഷണങ്ങളാണ് കമ്പനിയുടെ ലക്ഷ്യം. അതേസമയം, കമ്പനി എവിടെ സ്ഥാപിക്കുമെന്നടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.

ടെക്‌നോളജി മേഖലയിലെ ഭീമനായ ഐ.ബി.എമ്മിന്റെ വരവ് ഐ.ടി.കേന്ദ്രമായ കൊച്ചിക്ക് ഒട്ടേറെ ഗുണം ചെയ്യുമെന്നുറപ്പാണ്. വിവിധ ഹാര്‍ഡ്വെയറുകളും, സോഫ്റ്റ്വെയറുകളും നിര്‍മിക്കുന്ന ഐ.ബി.എമ്മിന് ഇന്ത്യയുള്‍പ്പെടെ വിപുലമായ മാര്‍ക്കറ്റാണ് ലോകമെമ്പാടുമുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി കമ്പനികളില്‍ ഒന്നായ ഐ.ബി.എം പുതിയ ഡെവലപ്‌മെന്റ് സെന്റര്‍ കൊച്ചിയില്‍ ആരംഭിക്കുന്നു.

ഹൈബ്രിഡ് ക്‌ളൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളെ കൂടുതല്‍ മികവിലേയ്ക്ക് നയിക്കാനുതകുന്ന പ്രവര്‍ത്തനങ്ങളാണ് പുതിയ സെന്ററില്‍ വികസിപ്പിക്കുന്നത്.

ഐ.ടി മേഖലയില്‍ നവീനമായ ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്ന ഐ.ബി.എം സോഫ്‌റ്റ്വെയര്‍ ലാബ്‌സ് -ന്റെ സെന്ററാണ് കൊച്ചിയില്‍ സ്ഥാപിക്കാന്‍ പോകുന്നത്.

ഇന്നലെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഐ.ബി.എം ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ സന്ദീപ് പട്ടേല്‍, ഐ.ബി.എം ഇന്ത്യ സോഫ്‌റ്റ്വെയര്‍ ലാബ്‌സിന്റെ വൈസ് പ്രസിഡണ്ടായ ഗൗരവ് ശര്‍മ്മ എന്നിവരുമായി വളരെ ക്രിയാത്മകമായ ചര്‍ച്ച നടക്കുകയുണ്ടായി.

ചര്‍ച്ചയില്‍ ഡിജിറ്റല്‍ നോളജ് എകോണമിയായി കേരളത്തെ വളര്‍ത്താനുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാടുകള്‍ അവരുമായി പങ്കു വയ്ക്കാനും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും സാധിച്ചു.

അതോടൊപ്പം ഐടി നയങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും കോവിഡ് കാരണം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറി കടക്കുന്നതില്‍ സാങ്കേതിക മേഖലയ്ക് നല്‍കാന്‍ കഴിയുന്ന സംഭാവനകളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളുപയോഗിച്ച് ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ നൂതനമായ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരിക്കും കൊച്ചിയില്‍ ആരംഭിക്കാന്‍ പോകുന്ന പുതിയ സെന്ററിന്റെ പ്രധാന പ്രവര്‍ത്തനം.

ഐ.ബി.എം കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്നത് സംസ്ഥാനത്തിന്റെ ഐ.ടി മേഖലയ്ക്ക് വലിയ കുതിപ്പു നല്‍കും. കേരളത്തിന്റെ ആത്മാര്‍ഥമായ പിന്തുണ ഇക്കാര്യത്തില്‍ അവര്‍ക്കു ഉറപ്പു നല്‍കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in