‘ഇതിന് അവരെ പ്രേരിപ്പിച്ചതാരാണെന്ന് നന്നായറിയാം, അത് പിന്നെ നോക്കാം’; അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തില്‍ കോട്ടയം ജില്ലാ കളക്ടര്‍
കോട്ടയം ചങ്ങനാശ്ശേരിയില്‍ അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടമായി നിരത്തിലിറങ്ങി പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി കോട്ടയം ജില്ലാ കളക്ടര്‍ പികെ സുധീര്‍ ബാബു. ആരാണ് ഇതിന് അവരെ പ്രേരിപ്പിച്ചതെന്ന് തനിക്ക് നന്നായറിയാമെന്ന് കളക്ടര്‍ പറഞ്ഞു. എന്നാല്‍ അത് പിന്നെ നോക്കാം. അതിഥി തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നുണ്ട്. അവര്‍ക്ക് ഭക്ഷണം ലഭിക്കാത്ത പ്രശ്‌നമില്ല. നാടുകളിലേക്ക് തിരിച്ചുപോകാന്‍ യാത്രാ സൗകര്യമൊരുക്കണമെന്നാണ് അവരുടെ ആവശ്യം. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അവരുടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അത് നിര്‍വഹിച്ച് വരികയാണ്. അതിന് വിരുദ്ധമായി ആരെന്ത് ചെയ്താലും കര്‍ശന നടപടിയുണ്ടാകും. വീട്ടുടമസ്ഥരുടെ ഭാഗത്തുനിന്നായാലും അവര്‍ക്കെതിരെ നടപടിയെടുക്കും. ഇപ്പോള്‍ ഇതിന് അവരെ പ്രേരിപ്പിച്ചതാരാണെന്ന് എനിക്ക് നന്നായറിയാം. അത് പിന്നെ നോക്കാം ഈ സമയത്ത് അത് നോക്കേണ്ടെന്നും സുധീര്‍ ബാബു വിശദീകരിച്ചു. ക്യാംപുകള്‍ വീണ്ടും സന്ദര്‍ശിച്ച് അവരോട് ആശയവിനിമയം നടത്തും. പ്രശ്‌നങ്ങള്‍ കേട്ട് അതിന് പരിഹാരമുണ്ടാക്കുമെന്നും കളക്ടര്‍ അറിയിച്ചു.
അതിഥി തൊഴിലാളികള്‍ക്ക് കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വിതരണം ചെയ്തിരുന്നു. എന്നാല്‍ അത് വേണ്ട സാധനങ്ങള്‍ തന്നാല്‍ തങ്ങള്‍ പാചകം ചെയ്യാമെന്ന് പറയുകയായിരുന്നു. നമ്മുടെ ഭക്ഷണത്തിന് പകരം അവരുടെ ടേസ്റ്റിനൊത്ത് തയ്യാറാക്കി കഴിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇതേ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും പികെ സുധീര്‍ബാബു മാധ്യമങ്ങളോട് പറഞ്ഞു. അതിഥി തൊഴിലാളികള്‍ സംഘടിച്ചതിന് പിന്നില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് സംശയിക്കുന്നതായി മന്ത്രി പി തിലോത്തമന്‍ നേരത്തേ പരാമര്‍ശിച്ചിരുന്നു. അവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കിയിരുന്നു. താമസവും ഭക്ഷണവും ഉള്‍പ്പെടെ ഉറപ്പുവരുത്തിയതുമാണെന്നും മന്ത്രി വിശദീകരിച്ചു.