ഉത്തർപ്രദേശിലെ സ്വകാര്യ സ്കൂളിൽ മുസ്ലിം വിദ്യാർഥിയെ തല്ലാൻ മറ്റ് കുട്ടികൾക്ക് നിർദേശം നൽകി അധ്യാപിക. മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂൾ അധ്യാപികയായ തൃപ്ത ത്യാഗിയാണ് ഏഴ് വയസ്സ് മാത്രമുള്ള കുട്ടിയെ തല്ലാൻ സഹപാഠികൾക്ക് നിർദേശം നൽകുന്നത്. ഗുണനപട്ടിക തെറ്റിച്ചുവെന്ന കാരണത്താലാണ് കുട്ടിയ്ക്ക് ഈ ശിക്ഷ നൽകിയത്. എല്ലാ മുസ്ലിം കുട്ടികളെയും താൻ അടിക്കുമെന്ന് പറഞ്ഞുകൊണ്ട് ടീച്ചർ മറ്റ് കുട്ടികളെക്കൊണ്ട് മുസ്ലിം ബാലനെ തല്ലിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് വിഷയം ചർച്ചയായത്.
ഒരു മണിക്കൂറോളം മറ്റ് ക്ലാസ്സിലെ അറുപതോളം വിദ്യാർഥികളെക്കൊണ്ട് കുട്ടിയെ തല്ലിച്ചുവെന്ന് കുട്ടിയുടെ പിതാന് ദ ക്വിന്റിനോട് പറഞ്ഞു. എന്തിനാണ് മകനെ തല്ലിച്ചത് എന്ന് ചോദിച്ചപ്പോൾ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും എന്നായിരുന്നു അധ്യാപികയായ തൃപ്തി ത്യാഗിയുടെ മറുപടിയെന്നും പിതാവ് പറഞ്ഞു.
വൈറലായ വീഡിയോയിൽ അധ്യാപിക കുട്ടിയെ തല്ലാൻ മറ്റ് വിദ്യാർഥികളോട് ആജ്ഞാപിക്കുന്നതും, കുട്ടി കരയാൻ തുടങ്ങുമ്പോൾ മുഖം ചുവന്നുവെന്നും പിന്നിൽ തല്ലാനും പറയുന്നു. കുട്ടികളോട് ശക്തിയായി തല്ലാനും പറയുന്നുണ്ട്. തൃപ്തി ത്യാഗി സ്കൂളിലെ പ്രധാനാധ്യാപികയും ഉടമസ്ഥയും കൂടിയാണ്.
മുഹമ്മദീൻ വിദ്യാർഥികളെ അവരുടെ അമ്മമാർ ശ്രദ്ധിക്കാത്തതുകൊണ്ട് കുട്ടികൾ ചീത്തയായി പോകുന്നുവെന്ന് തൃപ്തി ത്യാഗി വീഡിയോയിൽ പറയുന്നുണ്ടെന്ന് പൊലീസ് പറയുന്നു. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ അധ്യക്ഷ പ്രിയങ്ക കനൂങ്കോ എക്സിൽ (ട്വിറ്ററിൽ) കുറിച്ചു.
കുട്ടിയെ ഇനി സ്കൂളിലേക്ക് അയക്കില്ലെന്നും ഫീസ് തിരികെ വാങ്ങുമെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അധ്യാപിക കുട്ടികളിൽ വിദ്വേഷം നിറച്ചു. സംഭവത്തിൽ കേസിന് പോകാൻ തയ്യാറല്ലെന്നും പിതാവ് പൊലീസിനെ അറിയിച്ചു. പൊലീസും കോടതിയും ഇക്കാരണം പറഞ്ഞ് വീണ്ടും വീണ്ടും വിളിപ്പിക്കുന്നതിൽ താത്പര്യമില്ലാത്തതുകൊണ്ടാണ് കേസിന് പോകാൻ തയ്യാറാകാത്തതെന്നും പിതാവ് പറഞ്ഞു. അധ്യാപികയ്ക്ക് എതിരെയും സ്കൂളിനെതിരെയും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.