'ഡല്‍ഹി കലാപം മുസ്ലീങ്ങള്‍ക്കെതിരെയുള്ള പ്രതികാരം, പൊലീസ് പിന്തുണ നല്‍കി', വെളിപ്പെടുത്തലുമായി ഹിന്ദുകലാപകാരി

'ഡല്‍ഹി കലാപം മുസ്ലീങ്ങള്‍ക്കെതിരെയുള്ള പ്രതികാരം, പൊലീസ് പിന്തുണ നല്‍കി', വെളിപ്പെടുത്തലുമായി ഹിന്ദുകലാപകാരി
Published on

ഡല്‍ഹിയില്‍ ഈ വര്‍ഷം ഫെബ്രുവരിയിലുണ്ടായ കലാപം മുസ്ലീങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രതികാരമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഹിന്ദു കലാപകാരി. ഡല്‍ഹി പൊലീസ് പൂര്‍ണ പിന്തുണ നല്‍കിയെന്നും കലാപത്തില്‍ പങ്കെടുത്ത യുവാവ് ദ കാരവാന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുസ്ലീങ്ങളുടെ കടകളും വാഹനങ്ങളും തെരഞ്ഞ് പിടിച്ചായിരുന്നു ആക്രമണം. 'ജയ് ശ്രീറാം' എന്ന് പറയാന്‍ വിസമ്മതിച്ചവരെ മര്‍ദ്ദിച്ചതായും 22-കാരന്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'നിങ്ങള്‍ക്കിതിനെ സ്വയം സംരംക്ഷിക്കല്‍ അല്ലെങ്കില്‍ പ്രതികാരം എന്നൊക്കെ വിളിക്കാം, പക്ഷെ പ്രധാനമായും അത് പ്രതികാരമായിരുന്നു. മുസ്ലീം പ്രദേശങ്ങളുടെ അകത്ത് പോയി ആക്രമിക്കാനും, അങ്ങോട്ട് വരില്ലെന്നും പൊലീസ് ഞങ്ങളോട് പറഞ്ഞു.' മുകളില്‍ നിന്ന് ആരെങ്കിലും വിളിക്കുന്നത് വരെ തടയില്ലെന്നും, അത് വരെ എന്ത് വേണമെങ്കിലും ചെയ്യാമെന്നും തങ്ങളോട് പൊലീസ് പറഞ്ഞതായും യുവാവ് വെളിപ്പെടുത്തുന്നു.

മുസ്ലീങ്ങളെ ആക്രമിക്കുന്നതില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഒരു ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ പറഞ്ഞതായും, അയാള്‍ തനിക്ക് മുസ്ലീങ്ങളുടെ വസ്തുക്കള്‍ തകര്‍ക്കാന്‍ ആയുധം നല്‍കിയതായും യുവാവ് പറയുന്നുണ്ട്. കലാപത്തിനിടെ കണ്ട കാഴ്ചകള്‍ എന്തെല്ലാമായിരുന്നുവെന്നും എന്തൊക്കെയാണ് ചെയ്തതെന്നുമുള്ള ചോദ്യത്തിന്, 'ഞാന്‍ ആളുകളെ മര്‍ദ്ദിച്ചു. കടകള്‍ തീയിട്ട് നശിപ്പിച്ചു, 786 എന്ന് എഴുതിവെച്ച ബൈക്കുകള്‍ തടഞ്ഞുനിര്‍ത്തി അഗ്‌നിക്കിരയാക്കി. ഇത് നിരവധി തവണ ആവര്‍ത്തിച്ചു' എന്നായിരുന്നു യുവാവ് പറഞ്ഞ മറുപടി. താന്‍ ആരെയും കൊന്നിട്ടില്ലെന്ന് പറയുന്ന യുവാവ്, ഹിന്ദുക്കളുടെ സംഘം മൂന്ന് മുസ്ലീങ്ങളെ കൊല്ലുന്നത് കണ്ടെന്നും പറയുന്നു. 'ജയ് ശ്രീറാം വിളിക്കാത്തതിന് ഒരാളെ ഒരു വാഹനത്തിലേക്ക് എടുത്തെറിഞ്ഞു, പിന്നീട് ആ വാഹനത്തിന് തീകൊളുത്തിയാണ് കൊലപ്പെടുത്തിയത്.'

'ബിജെപി നേതാവ് കപില്‍ മിശ്ര ഞങ്ങളെ അഭിനന്ദിച്ചു, നല്ല ജോലിയാണ് ചെയ്തതെന്ന് പറഞ്ഞു. പൊതുജനങ്ങള്‍ അദ്ദേഹത്തോടൊപ്പമായിരുന്നു, നിരവധി നിര്‍ദേശങ്ങള്‍ ഞങ്ങള്‍ക്ക് അദ്ദേഹം നല്‍കിയിരുന്നു. ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ചോദിച്ചതിന് ശേഷമായിരുന്നു മര്‍ദ്ദനം. ആധാര്‍ കാര്‍ഡ് വരെ പരിശോധിച്ചു. ചിലരുടെ വണ്ടി നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് ഏത് മതമാണെന്ന് തിരിച്ചറിഞ്ഞത്. ചിലര്‍ ഞങ്ങള്‍ക്ക് നേരെ വന്നതോടെ ശക്തമായി തിരിച്ചടിച്ചു.'

മൂന്നു ദിവസം ആക്രണം നടത്തിയെന്നും 22-കാരന്‍ പറയുന്നു. കല്ലുകള്‍, വടികള്‍, ലാത്തി, ഇരുമ്പ് വടി, ഇഷ്ടികകള്‍ എന്നിവ താനുള്‍പ്പടെയുള്ള സംഘത്തിന്റെ കയ്യിലുണ്ടായിരുന്നുവെന്നും ഇയാള്‍ പറയുന്നു. ചിലരുടെ കയ്യില്‍ തോക്കുകളുണ്ടായിരുന്നു. പക്ഷെ വെടിവെക്കുന്നത് കണ്ടില്ല. ഞാന്‍ 4-7 ബൈക്കുകള്‍ക്ക് തീകൊളുത്തി, 786 എന്ന നമ്പറുള്ള ബൈക്കില്‍ വന്നയാളെ ഞങ്ങള്‍ തടഞ്ഞുനിര്‍ത്തി, ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞു. വിസമ്മതിച്ചപ്പോള്‍ അയാളെ മര്‍ദ്ദിക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്തു. പെട്രോളും ടയറും ഉപയോഗിച്ച് മുസ്ലീങ്ങളുടെ കടകള്‍ക്ക് തീകൊടുത്തതായും യുവാവ് പറയുന്നു.

അക്രമികളുടെ കയ്യിലുള്ള ആയുധങ്ങള്‍ പൊലീസ് കണ്ടിരുന്നോ എന്ന ചോദ്യത്തിന്, കണ്ടു എന്നായിരുന്നു യുവാവ് നല്‍കിയ മറുപടി. ഡല്‍ഹി പൊലീസിനൊപ്പം സിആര്‍പിഎഫും സംഭവ സമയം അവിടെയുണ്ടായിരുന്നുവെന്നും, അവര്‍ നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തതെന്നും യുവാവ് പറയുന്നു.

'കലാപാഹ്വാനവുമായി നിരവധി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഫെബ്രുവരി 23നാണ് സന്ദേശങ്ങള്‍ ലഭിക്കാന്‍ ആരംഭിച്ചത്. മിസ്ലീങ്ങള്‍ ഹിന്ദുക്കളെ ആക്രമിക്കുന്ന വീഡിയോയും ചിത്രങ്ങളും ലഭിച്ചിരുന്നു. അത് എന്നെ പ്രകോപിപ്പിച്ചു.' മുസ്ലീമുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും, അവരെല്ലാം പാക്കിസ്താനിലേക്ക് പോവുകയും, പാക്കിസ്താനിലുള്ള ഹിന്ദുക്കള്‍ ഇങ്ങോട്ട് വരികയും ചെയ്യണമെന്നും യുവാവ് പറയുന്നുണ്ട്.

അക്രമം നടത്തിയതില്‍ പിന്നീട് ഖേദം തോന്നിയിരുന്നോ എന്ന ചോദ്യത്തിന് , തനിക്ക് കുറ്റബോധം തോന്നിയിരുന്നുവെന്നായിരുന്നു 22-കാരന്‍ നല്‍കിയ മറുപടി. 'ശരിയായ കാര്യമാണ് ചെയ്യുന്നതെന്നാണ് എനിക്ക് ആദ്യം തോന്നിയത്, പക്ഷെ ഞങ്ങള്‍ അക്രമിച്ചവരെല്ലാം പാവങ്ങളായിരുന്നുവെന്ന് ഞാന്‍ പിന്നീട് ചിന്തിച്ചു. ചിലപ്പോള്‍ എനിക്ക് പശ്ചാത്താപം തോന്നും, എന്തായാലും സംഭവിച്ചത് സംഭവിച്ചു. ആളുകള്‍ കൊല്ലപ്പെടാന്‍ പാടില്ലായിരുന്നു, പക്ഷെ മുസ്ലീങ്ങള്‍ക്ക് ഇത് കിട്ടേണ്ടതായിരുന്നു. ഇപ്പോള്‍ അവര്‍ക്കറിയാം ഹിന്ദുക്കള്‍ ഒന്നാണെന്ന്, ഇനി ഹിന്ദുക്കളെ ആക്രമിക്കുന്നതിനെ കുറിച്ച് അവര്‍ ആലോചിക്കില്ല', യുവാവ് അഭിമുഖത്തില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in