മീഡിയവണ്‍ ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. രണ്ട് ദിവസത്തേക്കാണ് കേന്ദ്ര ഉത്തരവ് മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മീഡിയവണ്‍ ചാനലിന്‍റെ സംപ്രേഷണം നിര്‍ത്തിവെച്ചത്.
ഇത് രണ്ടാം തവണയാണ് മീഡിയവണ്‍ ചാനലിന് എം.ഐ.ബി വിലക്കേര്‍പ്പെടുത്തുന്നത്. കാരണം വെളിപ്പെടുത്താതെയാണ് കേന്ദ്രം ഈ നീക്കം നടത്തിയതെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പറഞ്ഞിരുന്നു. ചാനലിന്‍റെ ടെലിവിഷന്‍, യൂട്യൂബ് ലൈവ് എന്നിവയാണ് താത്കാലികമായി നിലച്ചത്.
പ്രമോദ് രാമന്റെ വാക്കുകള്‍
മീഡിയവണ്ണിന്റെ ലൈസന്‍സ് പുതുക്കേണ്ട സമയമായിരുന്നു, അതിനുള്ള നടപടി ക്രമങ്ങള്‍ നടന്ന് വരികയായിരുന്നു. എന്നാല്‍ ഒരു കാരണവും പറയാതെ ലൈസന്‍സ് കട്ട് ചെയ്തിരിക്കുകയാണ്. നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ലൈസന്‍സ് പുതുക്കാന്‍ വേണ്ടി അപേക്ഷിക്കേണ്ട സമയമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു. മറുപടിയായി വിശദീകരണം ചോദിച്ചുകൊണ്ടുള്ള ഒരു ലെറ്റര്‍ മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങില്‍ നിന്ന് വന്നിരുന്നു.