ലൈംഗിക ബോധവത്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

ലൈംഗിക ബോധവത്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ  ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി
Published on

ലൈംഗിക ദുരുപയോഗം തടയാന്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ബോധവത്കരണം ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. വിദ്യാര്‍ത്ഥികളുടെ പ്രായത്തിനനുസരിച്ച് പദ്ധതി തയ്യാറാക്കണം. രണ്ട് മാസത്തിനുള്ളില്‍ പാഠ്യക്രമം തീരുമാനിക്കണം. ഇതിന് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും കോടതി.

വിദ്യാര്‍ത്ഥികളുടെ പ്രായത്തിനനുസരിച്ചായിരിക്കണം പാഠ്യപദ്ധതി തയ്യാറാക്കേണ്ടത്. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സി.ബി.എസ്.ഇയ്ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് അമേരിക്കയിലെ എറിന്‍സ് ലോയെ അടിസ്ഥാനമാക്കാമെന്നും, ഇങ്ങനെ തയ്യാറാക്കുന്ന പാഠ്യക്രമം ലൈംഗിക വിദ്യാഭ്യാസം ഒരു വിഷയമായി ഉള്‍പ്പെടുത്തുമ്പോള്‍ മാര്‍ഗ്ഗരേഖയായി ഉപയോഗിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെതാണ് ഉത്തരവ്.

ലിംഗസമത്വം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്. വിദ്യാര്‍ത്ഥികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. കുട്ടികള്‍ ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നം എന്ന് മാത്രമാണ് ചോദിച്ചതെന്നും മന്ത്രിപറഞ്ഞു. സ്‌കൂളുകളില്‍ സഹപഠനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളുകള്‍ മിക്‌സഡ് ആകണമോ വേണ്ടയോ എന്ന് തദ്ദേശസ്ഥാപനങ്ങളും പി.ടി.എയുമാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞിരുന്നു.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തണമെന്ന നിര്‍ദ്ദേശം ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന് മാറ്റിയിരുന്നു. സമസ്തയുള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ ഈ നിര്‍ദേശങ്ങള്‍ക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാലയങ്ങളില്‍ ഒരേ യൂണിഫോം സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in