ആലപ്പുഴയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഹൈക്കോടതി. ആലപ്പുഴ ഭ്രാന്തന്മാര്‍ അഴിഞ്ഞാടുന്ന കേന്ദ്രമായി മാറുന്നുവെന്നാണ് കോടതിയുടെ പരാമര്‍ശം.
പൊലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച കേസ് പരിഗണിച്ചുകൊണ്ടിരിക്കെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് പ്രതികരണം നടത്തിയത്.
ആലപ്പുഴയില്‍ വലിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഭ്രാന്തന്മാര്‍ അഴിഞ്ഞാടുന്ന സ്ഥലമായി ആലപ്പുഴ മാറി, എന്തുചെയ്യാന്‍ കഴിയും എന്നാണ് ജസ്റ്റിസ് ചോദിച്ചത്. മുമ്പ് പോത്തന്‍കോട് സുധീഷ് കൊല്ലപ്പെട്ട സംഭവത്തിലും ഹൈക്കോടതി നടുക്കം രേഖപ്പെടുത്തിയിരുന്നു.
12 മണിക്കൂറിന്റെ വ്യത്യാസത്തിലാണ് ജില്ലയില്‍ എസ്.ഡി.പി.ഐയുടെയും ആര്‍എസ്,എസിന്റെയും പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ അഡ്വ. കെ എസ് ഷാന്‍, ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച വൈകിട്ട് ഏഴരയോടെ മണ്ണഞ്ചേരി കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ഷാനിന് നേരെ ആക്രമണം ഉണ്ടായത്. ഷാന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറിടിച്ച് വീഴ്ത്തി ഒരു സംഘം വെട്ടുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെയാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. എട്ടംഗ സംഘം വീട് ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.