നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം അംഗീകരിച്ച് കോടതി.
മെമ്മറി കാര്‍ഡ് പുനഃപരിശോധിക്കണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണ കോടതി നിരാകരിച്ചിരുന്നു. ശാസ്ത്രീയ പരിശോധന വേണ്ടെന്ന വിചാരണ കോടതിയുടെ ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
രണ്ട് ദിവസത്തിനുള്ളില്‍ വിചാരണ കോടതി തങ്ങളുടെ പക്കലുള്ള മെമ്മറി കാര്‍ഡുകള്‍ അടക്കമുള്ളവ സ്റ്റേറ്റ് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മെമ്മറി കാര്‍ഡ് പരിശോധിച്ചില്ലെങ്കില്‍ നീതി ഉറപ്പാവില്ലെന്ന് അതിജീവിത വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസ് അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നതിന് ക്രൈംബ്രാഞ്ചിന് മറ്റു ദുരുദ്ദേശ്യമുണ്ടെന്നാണ് ദിലീപ് വാദിച്ചത്. കോടതിയുടെ പക്കലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നാല്‍ പ്രതികള്‍ ഉത്തരവാദികള്‍ അല്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ മൂന്ന് ദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കും, അതിനാല്‍ കാലതാമസമുണ്ടാകില്ല. ഹാഷ് വാല്യുമാറിയതിന്റെ പരിണിത ഫലം സംബന്ധിച്ച ഫോറന്‍സിക് വിശദീകരണമാണ് തേടുന്നതെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസില്‍ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അനുവദിച്ച് കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.