അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിചാരണ കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് പ്രതികളായ തോമസ് കോട്ടൂരിനും, സിസ്റ്റര്‍ സെഫിക്കും ജാമ്യം അനുവദിച്ചത്.
അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം. സംസ്ഥാനം വിടരുത്, ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം.
അപ്പീല്‍ കാലയളവില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിസ്റ്റര്‍ സെഫിയും ഫാദര്‍ തോമസ് കോട്ടരും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയുടെ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
2021 ഡിസംബര്‍ 23നായിരുന്നു കേസില്‍ വിധി പറഞ്ഞത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി അഭയ കേസില്‍ വിധി പറഞ്ഞത്. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, മൂന്നാം പ്രതി സെഫിക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ട കോട്ടൂരിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കും, സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് മാറ്റിയത്.