പൊലീസില്‍ നിന്ന് പ്രതീക്ഷിക്കുന്നത് മാന്യമായ പെരുമാറ്റം, പലവട്ടം പറഞ്ഞിട്ടും മാറ്റമില്ല; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

പൊലീസില്‍ നിന്ന് പ്രതീക്ഷിക്കുന്നത് മാന്യമായ പെരുമാറ്റം, പലവട്ടം പറഞ്ഞിട്ടും മാറ്റമില്ല; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
Published on

പൊലീസിനെതിരെ മുമ്പുണ്ടായ പരാതികളില്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നടക്കുന്നതൊന്നും ഉണ്ടാവുമായിരുന്നില്ലെന്ന് ഹൈക്കോടതി. നാം ജീവിക്കുന്നത് 21ാം നൂറ്റാണ്ടിലാണെന്നും ഓര്‍മ വേണം. ഭരണഘടനാ ദിനമാണെന്നും ഹൈക്കോടതി പറഞ്ഞു.

മാന്യമായ പെരുമാറ്റമാണ് പൊലീസില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. നിയമപരമായ നിര്‍ദേശങ്ങളും ഉത്തരവുകളും നടപ്പാക്കുകയാണ് പൊലീസ് ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു.

പലവട്ടം പറഞ്ഞിട്ടും പൊലീസ് മാറുന്നില്ല. രാജ്യത്തെ ദൈവം രക്ഷിക്കട്ടെ എന്നാണ് പറയാനുള്ളതെന്നും കോടതി പറഞ്ഞു.

തെന്മല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഉറുകുന്ന് സ്വദേശി രാജീവിനെ സ്റ്റേഷന്‍ വിലങ്ങ് അണിയിച്ച് നിര്‍ത്തി മര്‍ദിച്ചെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. ആലുവ ഈസ്റ്റ് സി.ഐയുടെ വീഴ്ചയെക്കുറിച്ച് ആരോപണം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസം കേസ് എടുത്തത്.

ദ ക്യു റിപ്പോര്‍ട്ടിന് പിന്നാലെ സന്നദ്ധ സംഘടനയായ ദിശയാണ് രാജീവിന് നിയമസഹായം നല്‍കിയത്. അഡ്വ.പി.കെ ശാന്തമ്മയാണ് രാജീവിന് വേണ്ടി കേസില്‍ ഹാജരായത്. സി.ഐ വിശ്വംഭരനെതിരെ ക്രമിനില്‍ കേസെടുക്കാത്തതില്‍ കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പരാതിക്കാരന് നഷ്ടപരിഹാരമുള്‍പ്പെടെ കൊടുക്കേണ്ട കേസാണിതെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ രൂക്ഷമായ് വിമര്‍ശിച്ചു. എന്തുകൊണ്ടാണ് കുറ്റക്കാരനായ പോലീസ് ഉദ്ദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസെടുക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് നഷ്ട്ടപരിഹാരം കൊടുക്കേണ്ടി വരുന്ന കേസെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

തെന്മല സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ എസ്.ഐ ശാലു ഇപ്പോഴും സര്‍വീസില്‍ തുടരുകയാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷക അറിയിച്ചു. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസ് ഹര്‍ജി മാറ്റി.

Related Stories

No stories found.
logo
The Cue
www.thecue.in