ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ വരെ സംശയത്തില്‍ നില്‍ക്കുമ്പോഴും സസ്‌പെന്റ് ചെയ്യാന്‍ പോലും കഴിയാത്ത നിസഹായതയാണ് മുഖ്യമന്ത്രിയുടെ നടപടികളില്‍ കാണുന്നതെന്ന് എം.ശിവശങ്കറിനെ പരാമര്‍ശിച്ച് ഹൈബി ഈഡന്‍ എം.എല്‍.എ. ആ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത് തന്റെ ഓഫീസിനെ ചുറ്റി നില്‍ക്കുന്ന സംശയങ്ങള്‍ ഇല്ലാതെയാക്കാന്‍ അന്വേഷണം നടത്തണം. അതിന് വിശ്വാസ്യത വേണമെങ്കില്‍ മുഖ്യമന്ത്രി മാറി നില്‍ക്കണമെന്നും ഹൈബി ഈഡന്‍
ഹൈബി ഈഡന്റെ ഫേസ്ബുക്ക് കുറിപ്പ്
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് രണ്ട് തലമുണ്ട്. അതിലെ സാമ്പത്തിക കുറ്റകൃത്യം എന്നത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എന്‍.ഐ.എ. അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നനതാണ്. ഇന്നും കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്ത് പിടിച്ചിട്ടുണ്ട്. അതില്‍ അന്വേഷണവും നടക്കും. വിവാദമായ തിരുവനന്തപുരത്തെ കള്ളളക്കടത്തിന്റെ തീവ്രത ഡിപ്ലമാറ്റിക് ബാഗ് ആണെന്നതും തീവ്രവാദ ബന്ധം ഉണ്ടെന്നതുമാണ്.
രണ്ടാമത്തെ തലം ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിയുള്ള സംശയങ്ങളാണ്. സ്വര്‍ണ്ണക്കടത്തില്‍ നേരിട്ട് ബന്ധപ്പെടാത്ത ഒന്നും അന്വേഷിക്കുവാനുള്ള ബാധ്യത എന്‍.ഐ.എ.യ്ക്ക് ഇല്ല. കേരളത്തിലെ പൊതു ജനം ആവശ്യപ്പെടുന്ന ഉത്തരം അതാണ്. വിവാദ നിയമനം, അതില്‍ കോര്‍പ്പറേറ്റുകളുടെ പങ്ക്, ഐ.ടി. സെക്രട്ടറിയുടെ പങ്ക് തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ട്. ആ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അതിനെ കോവിഡ് പ്രോട്ടോകോള്‍ ഉയര്‍ത്തി പ്രതിരോധിക്കുന്നത് ഒളിച്ചോട്ടമാണ്. ദിവസേന പതിനായിരക്കണക്കിന് കേസുകള്‍ ഉയരുമ്പോഴും ജോര്‍ജ് ഫ്‌ലോയിഡിന് വേണ്ടി നടന്ന പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവര്‍ ഇന്ന് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാന്‍ കോവിഡിനെ ചാരുന്നത് ശുദ്ധ ഇരട്ടത്താപ്പാണ്.
ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം രാജ്യദ്രോഹക്കുറ്റം വരെ കേരളത്തിന്റെ ഏറ്റവും ഉന്നതമായ ഓഫീസിന്റെ വിശ്വാസ്യതയെ നശിപ്പിക്കുമ്പോള്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ പുലര്‍ത്തുന്ന മൗനം അലോസരപ്പെടുത്തുന്നതാണ്. ഈ ഭരണത്തിന്റെ കോര്‍പ്പറേറ്റ് വത്കരണത്തിന്റെയും ഉദ്യോസ്ഥ മേധാവിത്വത്തിന്റെ മേല്‍ക്കോയ്മയുമൊക്കെ ഈ വിവാദത്തിന്റെ ഭാഗമാണ്. ആശയപരമായ ഈ അപചയത്തെ കുറിച്ചു പോലും ഒരക്ഷരം ഉരിയാടാന്‍ കഴിയാത്ത വിധം നിങ്ങളെ ബന്ധനത്തിലാക്കിയത് എന്താണ്?
കഴിഞ്ഞ ഒരാഴ്ചയായി കേരളം ഉത്തരം തേടുന്നത് മുഖ്യമന്ത്രിയുടെ നടപടികളിലാണ്. പക്ഷെ താന്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ വരെ സംശയത്തില്‍ നില്‍ക്കുമ്പോഴും സസ്‌പെന്റ് ചെയ്യാന്‍ പോലും കഴിയാത്ത നിസഹായതയാണ് മുഖ്യമന്ത്രിയുടെ നടപടികളില്‍ കാണുന്നത്. ആ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത് തന്റെ ഓഫീസിനെ ചുറ്റി നില്‍ക്കുന്ന സംശയങ്ങള്‍ ഇല്ലാതെയാക്കാന്‍ അന്വേഷണം നടത്തണം. അതിന് വിശ്വാസ്യത വേണമെങ്കില്‍ മുഖ്യമന്ത്രി മാറി നില്‍ക്കണം