അപകടത്തിന് മുമ്പ് മൂടല്‍ മഞ്ഞിലേക്ക് കടന്നു, ഹെലികോപ്റ്റര്‍ തകരുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്

അപകടത്തിന് മുമ്പ് മൂടല്‍ മഞ്ഞിലേക്ക് കടന്നു, ഹെലികോപ്റ്റര്‍ തകരുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്
Published on

കൂനൂരിനടത്തുള്ള കട്ടേരി പാര്‍ക്കില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തടക്കം 13 പേര്‍ മരിക്കാനിടയായ ഹെലികോപ്റ്റര്‍ ദുരന്തത്തിന് തൊട്ടുമുമ്പ് പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് തമിഴ്മാധ്യമങ്ങള്‍. ഊട്ടി കൂനൂരിന് തൊട്ടടുത്തുള്ള ഒരുമീറ്റര്‍ഗേജ് റെയില്‍പാളത്തിലൂടെ നടന്ന് പോകുന്ന ഒരു സംഘം ആളുകളില്‍ ഒരാല്‍ പകര്‍ത്തിയ ദൃശ്യമാണ് പുറത്തുവന്നത്.

ഹെലികോപ്റ്റര്‍ കടന്നു പോയതിന് പിന്നാലെ വലിയൊരു ശബ്ദം കേള്‍ക്കുകയും എന്താണ് സംഭവിച്ചതെന്നറിയാന്‍ എല്ലാവരും തിരിഞ്ഞ് നോക്കുന്നതും വീഡിയോയില്‍ കാണാം.

മൊബൈലില്‍ ഷൂട്ട് ചെയ്ത വീഡിയോ ആണിത്. എന്നാല്‍ ഇതിന്റെ ആധികാരികത സംബന്ധിച്ച വ്യോമസേന വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.

ചെങ്കുത്തായ മലനിരകളുടെ ഒരു ഭാഗം പാറക്കെട്ടാണ്. പാറക്കെട്ടിന്റെ ഇടയിലൂടെയുള്ള വഴിയാണ് വ്യോമപാതയായി കണക്കാക്കുന്നത്. അപകടം സംബന്ധിച്ച് നിര്‍ണായകമായ തെളിവാണ് ഈ വിഡിയോ എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് രാവിലെ തന്നെ ചീഫ് എയര്‍മാര്‍ഷല്‍ ചൗധരിയും ഉന്നത ഉദ്യേഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം, ഹെലികോപ്റ്ററില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചിട്ടില്ലെന്ന് എ.ടി.സി അറിയിച്ചിട്ടുണ്ട്. വെല്ലിങ്ടണ്‍ എ.ടി.സിയുമായി സമ്പര്‍ക്കത്തിലാണ് എന്നായിരുന്നു അവസാന സന്ദേശമെന്നും എ.ടി.സി പറഞ്ഞു.

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘമാണ് ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെത്തിയത്.

സുരക്ഷാ സംവിധാനത്തില്‍ എന്തെങ്കിലും പിഴവുകളുണ്ടോ തുടങ്ങി അപകടം സംഭവിച്ച സമയത്ത് എന്താണ് നടന്നതെന്നും അറിയാന്‍ ഡാറ്റാ റെക്കോര്‍ഡറിലെ വിവരങ്ങള്‍ ഉപകരിക്കും.

ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു ഹെലികോപ്റ്റര്‍ അപകടം. ഹെലികോപ്ടര്‍ അപകടത്തില്‍ സഞ്ചരിച്ച പതിനാലില്‍ പതിമൂന്നും പേരും മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

ഹെലികോപ്റ്ററിന്റെ സാങ്കേതിക പ്രശ്നമെന്തായിരുന്നു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ച അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സ് അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in