മഴ ശക്തമാകും; മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. മലബാറില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്,കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ മഴ വ്യാഴാഴ്ച വരെ തുടരും.
തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത മഴയിലും കാറ്റിലും ഇതുവരെ 108 വീടുകളാണ് പൂര്‍ണമായി തകര്‍ന്നിട്ടുള്ളത്. 1546 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ശക്തമായ മഴ ലഭിച്ചതോടെ സംസ്ഥാനത്തെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 17 ശതമാനത്തിലെത്തി. ചെറുകിട വൈദ്യുതപദ്ധതികളിലെ ഉല്‍പ്പാദനം കൂട്ടി വന്‍കിട പദ്ധതികളില്‍ ജലം സംഭരിക്കാനാണ് കെ എസ് ഇ ബിയുടെ തീരുമാനം. മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതോല്‍പാദനം 1.41യൂണിറ്റായി കുറച്ചു.