കനത്ത മഴയില്‍ മുങ്ങി ചെന്നൈ. ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴ ഞായറാഴ്ചയും തുടരുകയാണ്. നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളം കയറി. 2015ലുണ്ടായ പ്രളയത്തിന് ശേഷം 24 മണിക്കൂറിനിടെ ചൈന്നൈയില്‍ ഇത്രയധികം മഴ ലഭിക്കുന്നത് ആദ്യമായാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നേരിട്ടെത്തിയാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മഴതുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സ്റ്റാലിന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. മഴക്കെടുതി രൂക്ഷമായ ചെന്നൈ, കാഞ്ചീപുരം, തിരുവല്ലൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കാകും അവധി.
അടുത്ത മൂന്ന് ദിവസത്തേക്ക് ആളുകള്‍ ചെന്നൈയിലേക്കുള്ള യാത്ര മാറ്റിവെക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങള്‍ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങല്‍ താന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്ന് സ്റ്റാലിന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായ ജനവാസമേഖലകളിലെ വെള്ളം പമ്പ് ചെയ്ത് നീക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഗ്നിശമന സേന, ദേശീയ-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ചെന്നൈ പൊലീസ് തുടങ്ങിയവര്‍ രംഗത്തുണ്ട്. അമ്പതിനായിരം ഭക്ഷണപൊതികള്‍ വിതരണം ചെയ്തിട്ടുണ്ട്. 500 പ്രളയബാധിത പ്രദേശങ്ങളില്‍ പമ്പുകള്‍ എത്തിച്ചിട്ടുണ്ട്. ഭക്ഷണം, മരുന്നുകള്‍ തുടങ്ങി എല്ലാ മുന്‍കരുതലുകളോടും കൂടിയ ദുരിതാശ്വാസകാമ്പുകള്‍ ചൈന്നൈയില്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നഗരത്തിലെ 2 പ്രധാന തടാകങ്ങള്‍ തുറക്കും. ഇതിനായി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചെന്നൈ നഗരത്തിലേക്കുള്ള പ്രധാന കുടിവെള്ള സ്രോതസുകളായ ചെമ്പരമ്പാക്കം, പുഴല്‍ ജലസംഭരണികളാണ് തുറക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ പാര്‍പ്പിക്കാന്‍ ജലവിഭവ വകുപ്പ് നിര്‍ദേശം നല്‍കി. അടുത്ത ദിവസങ്ങളിലും ചെന്നൈ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ മഴ തുടരുമെന്നാണ് കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.