മാധ്യമപ്രവർത്തകയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശം; മേജര്‍ രവി കീഴടങ്ങണമെന്ന് ഹൈക്കോടതി, സാമ്പത്തികത്തട്ടിപ്പിലും കേസ്

മാധ്യമപ്രവർത്തകയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശം; മേജര്‍ രവി കീഴടങ്ങണമെന്ന് ഹൈക്കോടതി, സാമ്പത്തികത്തട്ടിപ്പിലും കേസ്
Published on

മാധ്യമപ്രവർത്തകയ്ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ മേജര്‍ രവി കീഴടങ്ങണമെന്ന് ഹൈക്കോടതി. വിചാരണക്കോടതിയില്‍ കീഴടങ്ങണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. എറണാകുളം സൗത്ത് പോലീസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേജര്‍ രവി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. 2017ല്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-2 ആണ് മാധ്യമപ്രവര്‍ത്തക നല്‍കിയ കേസ് പരിഗണിക്കുന്നത്. ഐപിസി 354എ പ്രകാരമുള്ള കുറ്റങ്ങളില്‍ അടക്കം മേജര്‍ രവി വിചാരണ നേരിടണം. ലൈഗികാധിക്ഷേപം നടത്തിയിട്ടില്ലെന്നും അതിനാല്‍ 354എ വകുപ്പ് ഒഴിവാക്കണമെന്നും മേജര്‍ രവി ആവശ്യപ്പെട്ടിരുന്നു.

ഒരു മുന്‍ സൈനിക ഉദ്യോഗസ്ഥനും സെലിബ്രിറ്റിയുമായ മേജര്‍ രവി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. വിചാരണ നേരിടുന്നത് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം കൂടിയാണ്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് മേജര്‍ രവിക്ക് ഉറപ്പാണെങ്കില്‍ അത് തെളിയിക്കാന്‍ ഹൈക്കോടതിയെ സമീപിക്കുന്നതിന് പകരം വിചാരണക്കോടതിയില്‍ തെളിയിക്കുകയാണ് വേണ്ടത്. വിചാരണക്കോടതിയെ സമീപിക്കാന്‍ ലജ്ജിക്കേണ്ടതില്ലെന്നും പൗരന്‍മാര്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ ഈ കോടതികളെയാണ് ആശ്രയിക്കാറുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി. ചാനല്‍ ചര്‍ച്ചക്കിടെ ദുര്‍ഗ്ഗാ ദേവിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകയ്ക്ക് എതിരെ സംഘപരിവാര്‍ ഭീഷണി ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ നടത്തിയ പ്രതികരണത്തിലാണ് മേജര്‍ രവിക്കെതിരെ പരാതി ഉയര്‍ന്നത്. അനുമതി ലഭിച്ചാല്‍ മാധ്യമപ്രവർത്തകയുടെ മുഖത്ത് കാറിത്തുപ്പുമെന്നാണ് മേജര്‍ രവി പറഞ്ഞത്.

ഇതിനിടെ സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട് മേജര്‍ രവിക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ധനകാര്യ സ്ഥാപനത്തിന് സെക്യൂരിറ്റി ജീവനക്കാരെ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങുകയും സേവനം നല്‍കാതിരിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് കേസ്. വഞ്ചനാക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മേജര്‍ രവിയുടെ തണ്ടര്‍ഫോഴ്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. മേജര്‍ രവിയും സ്ഥാപനത്തിന്റെ സഹ ഉടമകളും കേസില്‍ പ്രതികളാണ്. പരാതിയില്‍ നടപടി ആവശ്യപ്പെട്ട് പരാതിക്കാര്‍ ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശം അനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in