ഭാര്യ സിന്ദൂരം തൊടുന്നില്ലെന്ന പരാതിയില്‍ യുവാവിന് വിവാഹ മോചനം അനുവദിച്ച് ഗുവാഹത്തി ഹൈക്കോടതി. സിന്ദൂരം അണിയാന്‍ വിസമ്മതിക്കുന്നത് വിവാഹബന്ധം നിരാകരിക്കുന്നതിന് തുല്യമാണെന്നാണ് കേസ് പരിഗണിക്കവെ കോടതി നിരീക്ഷിച്ചത്.
വിവാഹമോചനം അനുവദിക്കണമെന്ന ഭര്‍ത്താവിന്റെ ആവശ്യം നേരത്തെ കുടുംബ കോടതി നിരാകരിച്ചിരുന്നു. ഭാര്യയുടെ ഭാഗത്ത് നിന്ന് ക്രൂരതകളൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ വിവാഹമോചനം അനുവദിക്കാനാകില്ലെന്നായിരുന്നു കുടുംബ കോടതി പറഞ്ഞത്. ഇതിനെതിരെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അജയ് ലാമ്പ, ജസ്റ്റിസ് സൗമിത്ര ഷെയ്ക എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്, കുടുംബകോടതി വിധി റദ്ദാക്കുകയും യുവാവിന് വിവാഹമോചനം അനവദിക്കുകയും ചെയ്തു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
'സിന്ദൂരം തൊടാത്തതും, സഖ (വിവാഹിതരായ സ്ത്രീകള്‍ ധരിക്കുന്ന വളകള്‍) ധരിക്കാത്തതും യുവതിയെ അവിവാഹിതയായി തോന്നിപ്പിക്കും. മാത്രമല്ല ഇത് ഭര്‍ത്താവുമായുള്ള ബന്ധം നിരാകരിക്കുന്നതിന് തുല്യമാണ്. യുവതിക്ക് അപ്പീലുകാരനുമായി ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നാണ് ഈ പ്രവര്‍ത്തികള്‍ കാണിക്കുന്നത്', ജൂണ്‍ 19ന് പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി പറയുന്നു.
2012 ഫെബ്രുവരിയില്‍ വിവാഹിതരായ ഇരുവരും 2013 ജൂണ്‍ മുതല്‍ പിരിഞ്ഞ് താമസിക്കുകയാണ്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊപ്പം താമസിക്കാന്‍ യുവതി വിസമ്മതിച്ചതാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിച്ചുവെന്ന് കാട്ടി യുവതി പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ ആരോപണം നിലനില്‍ക്കുന്നതല്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുന്നതില്‍ നിന്ന് യുവതി ഭര്‍ത്താവിനെ തടഞ്ഞത് നിയമലംഘനമാണെന്നും, കുടുംബ കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.