ഗുരുവായൂര്‍ 'ഥാര്‍' ലേലം തര്‍ക്കത്തില്‍; വിലയില്‍ പുനരാലോചന വേണമെന്ന് ദേവസ്വം പ്രസിഡന്റ്

ഗുരുവായൂര്‍ 'ഥാര്‍' ലേലം തര്‍ക്കത്തില്‍; വിലയില്‍ പുനരാലോചന വേണമെന്ന് ദേവസ്വം പ്രസിഡന്റ്
Published on

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്രയുടെ ഥാര്‍ ലേലം പിടിച്ച എറണാകുളം സ്വദേശിക്ക് വാഹനം വിട്ടു നല്‍കുന്ന കാര്യം പുനരാലോചിക്കേണ്ടി വരുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് അമല്‍ മുഹമ്മദിന്റെ സുഹൃത്ത് സുഭാഷ് പണിക്കര്‍ പറഞ്ഞു. പതിനഞ്ച് ലക്ഷം രൂപ വിലയിട്ട വാഹനം 15,10000 രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. ഒരേയൊരു വ്യക്തിയാണ് ഥാര്‍ ലേലത്തില്‍ വാങ്ങാന്‍ എത്തിയത്.

അമലിന് വേണ്ടി സുഹൃത്ത് സുഭാഷ് പണിക്കറാണ് ലേലം ഉറപ്പിക്കാനെത്തിയത്. എത്രവിലയ്ക്കും അമല്‍ വാഹനം വാങ്ങാന്‍ തയ്യാറായിരുന്നുവെന്ന് സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ തൊട്ടടുത്ത് നിന്നിരുന്ന ദേവസ്വം പ്രസിഡന്റ് അങ്ങനെയെങ്കില്‍ പുനരാലോചന ചിലപ്പോള്‍ വേണ്ടി വരുമെന്ന് പറയുകയായിരുന്നു.

ദേവസ്വം പ്രസിഡന്റ് പറഞ്ഞത്

സുഭാഷ് പറഞ്ഞു കേള്‍ക്കുമ്പോഴാണ് ഒരു ആലോചന. ഇതിപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെല്ലാം ചര്‍ച്ചയാകുമല്ലോ. 25 ലക്ഷത്തിന് എടുക്കാന്‍ തയ്യാറായ ഒരു വ്യക്തിക്ക് ഈ വാഹനം 15 ലക്ഷത്തിന് ഉറപ്പിച്ചു കൊടുക്കുക എന്ന് പറയുമ്പോള്‍ സ്വഭാവികമായിട്ടും അതിന്റേതായിട്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഈ കാര്യം ഒരു പുനര്‍ചിന്തനത്തിന് വെക്കേണ്ടതുണ്ടെന്ന് ഇപ്പോള്‍ കേട്ടപ്പോള്‍ തോന്നുന്നു. ലേലം ഉറപ്പിച്ചുവെന്ന് പറയാന്‍ കഴിയില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

അതേസമയം ലേലം കഴിഞ്ഞ ഉടനെ വണ്ടി കിട്ടുമെന്ന് പറഞ്ഞിരുന്നു. മാറ്റിപറയുന്നത് അംഗീകരിക്കില്ലെന്നും സുഭാഷ് പറഞ്ഞു.

ഡിസംബര്‍ നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്.

വിപണയില്‍ 13 ലക്ഷം മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എന്‍ജിന്‍. 2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്.യുവിയെ വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ഫോര്‍ വീല്‍ ഡ്രൈവും മഹീന്ദ്ര ഥാറാണ്.

Related Stories

No stories found.
logo
The Cue
www.thecue.in