‘സ്‌റ്റോപ് അദാനി’ ; ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനനം തടയണമെന്ന് ഗ്രേറ്റ തന്‍ബര്‍ഗ്
ഗൗതം ആദാനി ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനനം തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്. ജര്‍മന്‍ എഞ്ചിനീയറിംഗ് ഭീമനായ സീമെന്‍സിനോടാണ് ഗ്രേറ്റ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ട്വിറ്ററില്‍ #StopAdani ഹാഷ് ടാഗ് പ്രചരണത്തിനും തുടക്കമിട്ടിട്ടുണ്ട്. ഗ്രേറ്റയുടെ വാക്കുകള്‍ ഇങ്ങനെ.
ഓസ്‌ട്രേലിയയില്‍ ഭീമന്‍ കല്‍ക്കരി ഖനി ഉണ്ടാക്കുന്നതിനെ സീമെന്‍സിന് തടയാനോ തടസപ്പെടുത്താനോ വൈകിപ്പിക്കാനോ സാധിക്കുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച അവര്‍ അവരുടെ തീരുമാനം പ്രഖ്യാപിക്കും. സമ്മര്‍ദ്ദത്തിലൂടെ അവരെക്കൊണ്ട് ശരിയായ തീരുമാനമെടുപ്പിക്കാന്‍ സഹായിക്കൂ.#StopAdani
റെയില്‍ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് അദാനി ഗ്രൂപ്പുമായുള്ള 20 മില്യണ്‍ ഡോളറിന്റെ കരാര്‍ പുനപ്പരിശോധിക്കണമെന്നും ഗ്രേറ്റ ആവശ്യപ്പെടുന്നു. ഗൗതം അദാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയില്‍ ഭീമന്‍ കല്‍ക്കരി ഖനിയുണ്ടാക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധമാണുയരുന്നത്. അതേസമയം പദ്ധതി സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുക്കാമെന്നാണ് സീമെന്‍സ് അറിയിച്ചിരിക്കുന്നത്. സ്വീഡനില്‍ നിന്നുള്ള 17 കാരിയായ ഗ്രേറ്റ ലോകത്തെ പരിസ്ഥതി വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇക്കഴിഞ്ഞയിടെ കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ലോക നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് ഗ്രേറ്റ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം