സര്‍ട്ടിഫിക്കറ്റ് വിതരണത്തിലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; കെ ടി ജലീലിന്റെ വാദം പൊളിച്ച് ദൃശ്യങ്ങള്‍
എംജി സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ വാദം പൊളിയുന്നു. എംജി സര്‍വകലാശാല അദാലത്തില്‍ മുഴുവന്‍ സമയവും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. അദാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മാത്രമാണ് തന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് എന്നാണ് ഇന്നലെ വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി പറഞ്ഞിരുന്നത്.
ഷറഫുദ്ദീന്‍ മുഴുവന്‍ സമയവും പങ്കെടുത്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാല്‍ അദാലത്ത് കഴിഞ്ഞ ശേഷം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങുവരെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിരുന്നു എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസും അദാലത്തില്‍ പങ്കെടുത്തു. സര്‍വകലാശാല അധികൃതര്‍ തന്നെ ശേഖരിച്ച അദാലത്തിന്റെ ദൃശ്യങ്ങളാണ് മന്ത്രിക്ക് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.
കോതമംഗലം കോളജിലെ ബിടെക് വിദ്യാര്‍ത്ഥിക്ക് മന്ത്രിയിടപെട്ട് മാര്‍ക്ക് ദാനം നല്‍കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ആറാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയില്‍ എന്‍എസ്എസ് സ്‌കീമിന്റെ അധിക മാര്‍ക്ക് നല്‍കണമെന്ന് ഒരു വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടു. എന്നാല്‍ ഒരിക്കല്‍ നല്‍കിയതിനാല്‍ ഇത് സാധ്യമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 2019 ഫെബ്രുവരിയില്‍ സംഘടിപ്പിക്കപ്പെട്ട അദാലത്തില്‍ ഈ ആവശ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ ആ കുട്ടിക്ക് മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ തീരുമാനിച്ചെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ അദാലത്തില്‍ മന്ത്രിക്ക് പകരം പ്രൈവറ്റ് സെക്രട്ടറി ചട്ടവിരുദ്ധമായി പങ്കെടുത്താണ് ക്രമക്കേട് നടത്തിയതെന്നും ചെന്നിത്തല വിമര്‍ശിച്ചു.
ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. തന്റെ ഭാഗത്ത് നിന്നും യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് കെടി ജലീല്‍ വാദിച്ചു. ചെന്നിത്തല നിരുത്തരവാദപരമായി പറയുന്ന കാര്യങ്ങള്‍ക്ക് മറുപട് നല്‍കുകയല്ല തന്റെ ജോലി. തെളിവ് സഹിതം ഉത്തരവാദിത്വത്തോടെ ആരോപണം ഉന്നയിച്ചാല്‍ മറുപടി നല്‍കുമെന്നും മന്ത്രി പറയുകയുണ്ടായി.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം