മോൾക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാൻ തയ്യാറാണ്; ഗൗരിനന്ദയുടെ വീട്ടിലെത്തി ഷിഹാബുദീൻ

മോൾക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാൻ തയ്യാറാണ്; ഗൗരിനന്ദയുടെ വീട്ടിലെത്തി ഷിഹാബുദീൻ
Published on

പൊലീസ് അനാവശ്യമായി പെറ്റി ചുമത്തുന്നതിന് എതിരെ പ്രതിഷേധിച്ച ഗൗരി നന്ദയുടെ വീട്ടിലെത്തി ഷിഹാബുദീൻ. ബാങ്കിനു മുന്നിൽ ക്യൂ നിന്ന ഷിഹാബുദീൻ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ പോലീസ് പെറ്റി ചുമത്തിയപ്പോഴാണ് ഗൗരി നന്ദ പ്രതിഷേധിച്ചത്. എനിക്കു വേണ്ടി സംസാരിച്ചതുകൊണ്ടാണ് ഈ മോൾക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്. മോൾക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാൻ തയ്യാറാണെന്ന് ഷിഹാബുദീൻ ഗൗരി നന്ദയോട് പറഞ്ഞു.

രണ്ടു ദിവസം മുൻപ് ചടയമംഗലം ജംക്‌ഷനിലുള്ള ഇന്ത്യൻ ബാങ്കിനു മുന്നിൽ പണമെടുക്കാനായി ക്യൂ നിന്ന തൊഴിലുറപ്പു തൊഴിലാളിയായ ഇളമ്പഴന്നൂർ ഊന്നൻപാറ പോരൻകോട് മേലതിൽ വീട്ടിൽ എം.ഷിഹാബുദീൻ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് 500 രൂപ പെറ്റി ചുമത്തിയിരുന്നു. എന്നാൽ കൃത്യമായ അകലം പാലിച്ചാണ് ക്യൂ നിന്നതെന്നു ഷിഹാബുദീൻ പറഞ്ഞു. അമ്മയെ ചടയമംഗലത്തെ ആശുപത്രിയിൽ കൊണ്ടുപോയ ശേഷം എടിഎമ്മിൽ നിന്നു പണമെടുക്കാൻ എത്തിയ ഗൗരി ഇതുകണ്ട് ഷിഹാബുദീനോട് എന്താണ് പ്രശ്നമെന്നു ചോദിച്ചു. അപ്പോൾ ഗൗരിക്കും പെറ്റി ചുമത്താൻ പൊലീസ് ശ്രമിച്ചു. ഇതിൽ പ്രതിഷേധിച്ചപ്പോൾ അസഭ്യം പറഞ്ഞതായി ഗൗരിയും ഷിഹാബുദീനും ആരോപിക്കുന്നു.

ഗൗരിയും പൊലീസും തമ്മിലുള്ള വാക്കേറ്റത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്ന പേരിൽ ഗൗരിനന്ദയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്നാണ് ആദ്യം ചടയമംഗലം പൊലീസ് കേസെടുത്തത്. എന്നാൽ പ്രതിഷേധം ശക്തമായപ്പോൾ ജാമ്യം ലഭിക്കാവുന്ന, കേരള പൊലീസ് ആക്ട്117(ഇ) പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് പിന്നീട് പറഞ്ഞു.

ഗൗരിനന്ദയ്ക്ക് എതിരെ ചുമത്തപ്പെട്ട വകുപ്പുകളുടെ വിവരം ഉൾപ്പെടെ 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്ന് ചടയമംഗലം സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് വനിതാകമ്മിഷൻ നിർദേശം നൽകി.  നേരത്തെ ഗൗരിനന്ദയുടെ പരാതിപ്രകാരം യുവജന കമ്മീഷൻ ജില്ലാ റൂറൽ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in