‘നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരേയും പുനരധിവസിപ്പിക്കും’; 242 കുടുംബങ്ങളെ മാറ്റുമെന്ന് മന്ത്രി എ കെ ബാലന്‍
നിലമ്പൂരില്‍ മുഴുവന്‍ ദുരിതബാധിതരേയും ദുരന്തസ്ഥലത്ത് നിന്ന് മാറ്റിപ്പാര്‍പ്പിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി ഇതിനായി ഉപയോഗിക്കും. ആദിവാസികള്‍ക്കായി വനാവകാശ നിയമപ്രകാരമുള്ള 500 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാരിന്റെ കൈവശമുള്ളത്. മറ്റുള്ളവരെ മുണ്ടേരിയിലെ സര്‍ക്കാര്‍ ഭൂമിയിലേക്ക് മാറ്റും. വീട്ടിലേക്ക് ഉടന്‍ തിരികെ പോകാന്‍ കഴിയാത്തവര്‍ക്ക് താല്‍ക്കാലികമായി താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
242 കുടുംബങ്ങളാണ് ദുരന്തസ്ഥലത്തുള്ളത്. ഇതില്‍ 68 കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചത്. മറ്റുകുടുംബങ്ങളേയും ബാധിക്കുമെന്നതിനാല്‍ അവരേയും മാറ്റിപ്പാര്‍പ്പിക്കുകയാണ്.
എ കെ ബാലന്‍
നിലമ്പൂര്‍ കവളപ്പാറയില്‍ മണ്ണിനടിയിലായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. 21 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതുവരെ 38 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മുഴുവന്‍ പേരേയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മീറ്ററുകളോളം അടിഞ്ഞുകൂടിയ ചെളിയും മരവും മറ്റ് അവശിഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. ജെസിബിയും ഹിറ്റാച്ചികളും ഉപയോഗിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ ഉപകരിക്കുന്ന റഡാര്‍ സംവിധാനം ഇന്ന് മുതല്‍ ഉപയോഗിക്കും.