2 ലക്ഷം പേര്‍ ഇപ്പോഴും ചേരികളിലെന്ന് സംസ്ഥാന സര്‍ക്കാര്‍, കൂടുതല്‍ പേര്‍ തൃശ്ശൂരില്‍ 

2 ലക്ഷം പേര്‍ ഇപ്പോഴും ചേരികളിലെന്ന് സംസ്ഥാന സര്‍ക്കാര്‍, കൂടുതല്‍ പേര്‍ തൃശ്ശൂരില്‍ 

Published on

കേരളത്തില്‍ രണ്ട് ലക്ഷം പേര്‍ ചേരികളില്‍ കഴിയുന്നതായി സംസ്ഥാന സര്‍ക്കാറിന്റെ റിപ്പോര്‍ട്ട്. 19 നഗരങ്ങളിലായി 202048 പേര്‍ ചേരികളില്‍ താമസിക്കുന്നു. 45417 കുടിലുകളിലായി 97429 പുരുഷന്‍മാരും 104619 സ്ത്രീകളും താമസിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചേരികളുള്ളത്. 19629 കുടിലുകളിലായി 79801 പേര്‍ താമസിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ 1101 കുടിലുകളുണ്ട്. ഇതില്‍ 6321 പേരുണ്ട്. കോഴിക്കോട് ജില്ലയിലെ 9039 കുടിലുകളിലായി 50343 പേരും പാലക്കാട് ജില്ലയില്‍ 3404 കുടിലുകളിലായി 15238 പേരും കൊല്ലം ജില്ലയിലെ 2761 കുടിലുകളിലായി 11659 പേരും താമസിക്കുന്നുണ്ട്. കൊച്ചിയില്‍ 1594 കുടിലുകളാണുള്ളത്. ഇതില്‍ 5184 പേര്‍ താമസിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 15 ഇന വികസന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജില്ലാ കലക്ടര്‍മാര്‍ നല്‍കിയ കണക്കനുസരിച്ചാണ് റിപ്പോര്‍ട്ട്. ചേരികളില്‍ താമസിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാരുടെ കണക്കും ശേഖരിക്കുന്നുണ്ട്. കേന്ദ്ര ന്യൂനപക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച കേരളത്തിലെ ചേരികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ചീഫ് സെക്രട്ടറിയാണ് യോഗം വിളിച്ചത്. യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു.

ചേരിനിര്‍മാര്‍ജ്ജനത്തിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമ്പോഴും അര്‍ഹരായവരിലേക്കെത്തുന്നില്ലെന്നതിന്റെ സൂചനയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയില്‍ തുടങ്ങുന്നു പ്രശ്‌നങ്ങളെന്നാണ് ദലിത് ആക്ടിവിസ്റ്റായ മായ പ്രമോദ് പറയുന്നത്.

ദളിതരുള്‍പ്പെടെയുള്ളവര്‍ക്ക് താമസിക്കാന്‍ പറ്റാത്ത ഭൂമിയിലാണ് പലപ്പോഴും വീട് നിര്‍മ്മിച്ച് നല്‍കുന്നത്. പദ്ധതി നടപ്പാക്കുന്നതിലെ അസമത്വമാണ് ഇത് സൂചിപ്പിക്കുന്നത്. ചേരികളില്‍ ഇത്ര പേര്‍ താമസിക്കുന്നതെന്ത് കൊണ്ടാണെന്ന് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.

മായ പ്രമോദ്,ദളിത് ആക്ടിവിസ്റ്റ് 

logo
The Cue
www.thecue.in