എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാനൊരുങ്ങി കേന്ദ്രം; നടപടികള്‍ക്ക് തുടക്കം
മുന്‍പ്രഖ്യാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാനൊരുങ്ങി കേന്ദ്രം. എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും 100 ശതമാനം ഓഹരികളും സംയുക്ത സംരംഭമായ എഐഎസ്എടിഎസിന്റെ 50 ശതമാനം ഓഹരികളും വില്‍ക്കുന്നതിനായുള്ള നടപടികളാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. 2018ല്‍ 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആരും വാങ്ങാനെത്താത്തതിനാലാണ് ഇപ്പോള്‍ മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. മാര്‍ച്ച് 17നകമാണ് കമ്പനികള്‍ അപേക്ഷ നല്‍കേണ്ടത്. യോഗ്യരായവരുടെ വിവരങ്ങള്‍ മാര്‍ച്ച് 31ന് പ്രസിദ്ധീകരിക്കും.
67,000 കോടി രൂപ നഷ്ടത്തിലാണ് നിലവില്‍ എയര്‍ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം ഏറ്റെടുക്കുന്നവര്‍, 23,000 കോടി രൂപയുടെ കടവും ഏറ്റെടുക്കേണ്ടി വന്നേക്കും. വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ പങ്കാളികളുമായി ചേര്‍ന്ന് മാത്രമേ കമ്പനി വാങ്ങാനാകൂ. സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും ഇത്തിഹാദ് എയര്‍ലൈന്‍സും വില്‍പ്പന സംബന്ധിച്ച് നേരത്തെ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല.