‘ചെല്ലാനത്ത് ജിയോ ട്യൂബുകള്‍ സ്ഥാപിക്കുന്നതുമായി മുന്നോട്ടുപോകാം’; പുതിയ ടെന്‍ഡര്‍ സ്റ്റേ ചെയ്യണമെന്ന വാദം തള്ളി ഹൈക്കോടതി
ചെല്ലാനത്ത് ജിയോ ട്യൂബുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. പുതിയ ടെന്‍ഡര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന നിലവിലെ കരാറുകാരന്റെ ആവശ്യം കോടതി തള്ളി. ഇയാള്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നാണ്, സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി കടല്‍ഭിത്തിയായി ജിയോ ട്യൂബ് സ്ഥാപിക്കാന്‍ വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചത്. പ്രദേശവാസികളുടെ പ്രതിഷേധങ്ങള്‍ക്കൊപ്പം ഹൈക്കോടതി ഇടപെടലും കൂടിയായതോടെയാണ് നടപടികള്‍ ഊര്‍ജിതമായത്.
രണ്ടായിരത്തോളം കുടുംബാംഗങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പുതിയ ടെന്‍ഡര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കരാറുകാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഈ ആവശ്യം നിരാകരിച്ച കോടതി ജിയോ ട്യൂബുകള്‍ സ്ഥാപിക്കുന്നതുമായി മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കി. നേരത്തേ പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നെങ്കിലും കരാറുകാരന്‍ കോടതിയെ സമീപിച്ച് കാലാവധി നീട്ടിവാങ്ങിയിരുന്നു.
എന്നാല്‍ ജിയോ ട്യൂബ് സ്ഥാപിക്കുന്നതില്‍ കാലതാമസം തുടരുന്നതിനെതിരെ പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ജോലിയുടെ പുരോഗതി മാസംതോറും അറിയിക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് തീരസംരക്ഷണസമിതി സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്കെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ നടപടികളും സ്വീകരിച്ചുവരികയാണ്.