‘സര്‍ക്കാരിന്റെ നയമല്ല, കാഴ്ച്ചപ്പാട്’, പൗരത്വനിയമ വിമര്‍ശനം നിയമസഭയില്‍ വായിച്ച് ഗവര്‍ണര്‍
പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രമേയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ വായിച്ചു. പ്രമേയം അംഗീകരിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം വായിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രമേയത്തിലെ ഭാഗം വായിച്ചത്. പൗരത്വ നിയമത്തിനെതിരായ ഭാഗം സര്‍ക്കാരിന്റെ നയമല്ലെന്നും കാഴ്ചപ്പാടാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പൗരത്വ നിയമത്തിനെതിരെ വിമര്‍ശനമുള്ള 18-ാം പാരഗ്രാഫ് വായിക്കില്ലെന്ന് ഗവര്‍ണര്‍ നേരത്തെ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ ഭാഗം വായിക്കാന്‍ ഗവര്‍ണര്‍ തയ്യാറായത്. വിയോജിപ്പുള്ള ഭാഗങ്ങള്‍ ഗവര്‍ണര്‍മാര്‍ വായിക്കാതെ വിടുന്നത് പരിവാണെങ്കിലും മുന്‍കൂട്ടി അറിയിക്കാറില്ല.
അതേസമയം നയപ്രഖ്യാപന പ്രസംഗത്തിനെതിരെ പ്രതിപക്ഷം നിയമസഭയ്ക്ക് പുറത്തിറങ്ങി പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു ഗവര്‍ണര്‍ പ്രമേയം വായിച്ചത്. നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞിരുന്നു. നിയമസഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുകളുമായി തടഞ്ഞു. ഗവര്‍ണര്‍ക്ക് മുന്നില്‍ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലം പ്രയോഗിച്ച് പിടിച്ചുമാറ്റുകയായിരുന്നു.